ജാമ്യം കിട്ടിയിട്ട് തിരികെ വരാം; ബലാത്സംഗ കേസ് പ്രതിയായതിന് പിന്നാലെ ആസ്ട്രേലിയക്ക് മുങ്ങി പഞ്ചാബ് എം.എൽ.എ
text_fieldsപട്യാല: ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ആസ്ട്രേലിയക്ക് മുങ്ങി പഞ്ചാബ് എം.എൽ.എ. പഞ്ചാബ് എ.എ.പി എം.എൽ.എ ഹർമിത് സിംഗ് പത്തൻമജ്രയാണ് നാടുവിട്ടത്. സെപ്റ്റംബർ രണ്ട് മുതൽ ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് വീഡിയോ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ട ശേഷം ഇയാൾ നാടുവിട്ടത്.
എം.എൽ.എ വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം സ്ഥാപിക്കുകയും ആദ്യഭാര്യയുണ്ടായിക്കെ തന്നെ, തന്നെയും വിവാഹം ചെയ്യുകയുമായിരുന്നുവെന്ന് സിറക്പൂർ സ്വദേശിനിയായ യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ബലാത്സംഗം, വഞ്ചന, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തി സെപ്റ്റംബർ ഒന്നിന് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ ഹർമിത് സിങിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി എം.എൽ.എ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന ശക്തമാക്കിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. വിവരങ്ങളില്ലാതായതോടെ പട്യാല പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇതിനിടെ, എം.എൽ.എ പിടിനൽകാതെ മുങ്ങിയത് പൊലീസിനും നാണക്കേടായി.
വെള്ളിയാഴ്ച ആസ്ട്രേലിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പഞ്ചാബി വെബ് ചാനലിൽ പത്തൻമജ്ര പ്രത്യക്ഷപ്പെട്ടിരുന്നു. ജാമ്യം ലഭിച്ചതിനുശേഷം മാത്രമേ താൻ വീട്ടിലേക്ക് മടങ്ങുകയുള്ളൂ എന്നായിരുന്നു എം.എൽ.എയുടെ വാക്കുകൾ. പഞ്ചാബിലെ ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള നടപടിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഏതാനും ദിവസങ്ങൾക്ക് ഹർമിത് സിങിനെ പിന്തുടർന്ന് പഞ്ചാബ് പോലീസ് ഹരിയാനയിലെ കർണാലിലെത്തിയിരുന്നു. എന്നാൽ, ആൾക്കൂട്ടത്തെ മറയാക്കി ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. എം.എൽ.എയുടെ അനുയായികൾ വെടിയുതിർക്കുകയും കല്ലെറിയുകയും ചെയ്തുവെന്ന് പോലീസ് അവകാശപ്പെട്ടിരുന്നു. അതേസമയം,താൻ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമെന്ന് ഭയന്നാണ് ഓടി രക്ഷപ്പെട്ടതെന്നാണ് എം.എൽ.എയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

