ബി.ജെ.പി തമിഴ്നാട് സംസ്ഥാന സെക്രട്ടറി നടി രഞ്ജന രാജിവെച്ചു; ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ പാർട്ടിയിൽ പൊട്ടിത്തെറി
text_fieldsന്യൂഡൽഹി: ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും നടിയുമായ രഞ്ജന നാച്ചിയാർ പാർട്ടി വിട്ടു. തമിഴ്നാടിനോടുള്ള അവഗണനയും ഹിന്ദി അടക്കം മൂന്ന് ഭാഷകൾ നിർബന്ധമാക്കാനുള്ള പുതിയ വിദ്യാഭ്യാസ നയത്തിലും ബിജെപി നിലപാടിലും പ്രതിഷേധിച്ചാണ് രാജി. പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളിൽ രാജി വെച്ചതായി ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈക്ക് എഴുതിയ തുറന്ന കത്തിൽ രഞ്ജന പ്രഖ്യാപിച്ചു.
എട്ട് വർഷത്തിലേറെയായി ബി.ജെ.പിയിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ദേശസ്നേഹം, ദേശീയ സുരക്ഷ, മതമൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്ന് വിശ്വസിച്ചാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് അവർ പറഞ്ഞു. എന്നാൽ, എല്ലാ ഇന്ത്യക്കാരെയും ഉൾക്കൊള്ളുന്നതിനുപകരം ഇടുങ്ങിയ ചിന്താഗതിയാണ് പാർട്ടിക്കെന്ന് അവർ അതൃപ്തി പ്രകടിപ്പിച്ചു.
‘രാഷ്ട്രം സംരക്ഷിക്കപ്പെടണമെങ്കിൽ, തമിഴ്‌നാട് അഭിവൃദ്ധിപ്പെടണം. ത്രിഭാഷാ നയം, ദ്രാവിഡ പ്രത്യയശാസ്ത്രത്തോടുള്ള വിദ്വേഷം, തമിഴ്‌നാടിനോടുള്ള തുടർച്ചയായ അവഗണന എന്നിവ ഒരു തമിഴ് സ്ത്രീ എന്ന നിലയിൽ എനിക്ക് അംഗീകരിക്കാനോ പിന്തുണയ്ക്കാനോ കഴിയാത്ത കാര്യങ്ങളാണ്’ -കത്തിൽ വ്യക്തമാക്കി. ബി.ജെ.പിയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ നാച്ചിയാർ രാജിക്കത്തിൽ എടുത്തുപറഞ്ഞു. താൻ ഏറെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പാർട്ടി പരിഗണിച്ചില്ലെന്നും രാഷ്ട്രീയത്തിൽ സ്ത്രീകളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്നും അവർ പറഞ്ഞു.
സ്ത്രീകളുടെ പുരോഗതിക്ക് മുൻഗണന നൽകി സ്വന്തമായി സംഘടനയും രൂപവത്കരിക്കുമെന്നും അവർ രഞ്ജന നൽകി. ത്രിഭാഷാ നയം തമിഴ്‌നാട് അംഗീകരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടുത്തിടെ വാരണാസിയിൽ നടത്തിയ പ്രസ്താവനയെ തുടർന്നാണ് വീണ്ടും സംഘർഷങ്ങൾ ഉടലെടുത്തത്. ഈ സാഹചര്യത്തിലാണ് നടി ബി.ജെ.പി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

