ക..മ..മിണ്ടാതെ രഞ്ജൻ ഗൊഗോയ്; രാജ്യസഭയിൽ ഒരു ചോദ്യംപോലും ചോദിക്കാതെ നാലാം വർഷത്തിലേക്ക്
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽനിന്ന് വിരമിച്ചയുടൻ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇതുവരെ പാർലമെന്റിൽ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. സ്വകാര്യ ബില്ലും അവതരിപ്പിച്ചില്ല. രാജ്യസഭ വെബ്സൈറ്റിലെ എം.പിമാരുടെ ഓഡിയോ വിഡിയോ റെക്കോഡിങ്ങുകൾ പരിശോധിക്കുന്ന വിഭാഗം ഗോഗോയിയുടെ “രേഖകളൊന്നും കണ്ടില്ല” എന്ന് പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
എം.പിയായതുമുതൽ, പാർലമെന്ററി നടപടികളിലോ പാർലമെന്റിൽ പങ്കെടുക്കാനോ പോലും ഗൊഗോയ് താൽപര്യം കാണിച്ചിട്ടില്ല. ഹാജർ വെറും 30 ശതമാനമാണ്. 2020 മാർച്ചിലാണ് അദ്ദേഹം രാജ്യസഭാംഗമായത്. അദ്ദേഹത്തിന്റെ സ്ഥാനലബ്ധി പരക്കെ വിമർശിക്കപ്പെട്ടപ്പോൾ, കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള അവസരത്തിനായാണ് താൻ പാർലമെന്റിൽ പ്രവേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബാബരി മസ്ജിദ് ഭൂമി വിധിയടക്കം ഗൊഗോയ് പാസാക്കിയ അനുകൂല വിധികൾക്ക് മോദി സർക്കാറിന്റെ പ്രത്യുപകാരമാണ് രാജ്യസഭാംഗത്വം എന്നായിരുന്നു അന്നത്തെ ആരോപണം.
2021ൽ, ഒരു ചാനൽ അഭിമുഖത്തിൽ തന്റെ ഹാജർ കുറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: “എനിക്ക് തോന്നുമ്പോൾ, പ്രധാന വിഷയങ്ങളിൽ സംസാരിക്കണമെന്ന് തോന്നുമ്പോൾ മാത്രമേ ഞാൻ രാജ്യസഭയിലെത്തൂ. ഞാൻ നാമനിർദേശം ചെയ്യപ്പെട്ട അംഗമാണ്. പാർട്ടി വിപ്പ് അനുസരിച്ച് പ്രവർത്തിക്കേണ്ടയാളല്ല. അതിനാൽ, പാർട്ടി അംഗങ്ങൾക്ക് വരാനുള്ള മണിമുഴക്കം എന്നെ ബാധിക്കില്ല’’.
ഈ പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ എം.പിമാർ അദ്ദേഹത്തിനെതിരെ അവകാശലംഘന പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
അയോധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിലെ മറ്റൊരു ജഡ്ജി ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അടുത്തിടെ ആന്ധ്രാപ്രദേശ് ഗവർണറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

