ന്യൂഡൽഹി: അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് ബിഹാറിലെ പറ്റ്നയിൽ നടക്കും. കേന്ദ്രമന്ത്രിസഭയെ പ്രതിനിധീകരിച്ച് മന്ത്രി രവിശങ്കർ പ്രസാദ് ചടങ്ങിൽ പങ്കെടുക്കും. വെള്ളിയാഴ്ച ഡൽഹിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം രാത്രി പറ്റ്നയിൽ എത്തിച്ചിരുന്നു. പറ്റ്്നയിലെ എൽ.ജെ.പി ഓഫീസിൽ നടത്തുന്ന പൊതുദർശനത്തിന് ശേഷമാണ് സംസ്കാരചടങ്ങുകൾ ആരംഭിക്കുക. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാരം.
ഡൽഹിയിലെ ജൻപഥിലുള്ള വസതിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, രവിശങ്കർ പ്രസാദ് തുടങ്ങിയ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ഡൽഹിയിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് പസ്വാൻ അന്തരിച്ചത്.