ഒടുവിൽ രാംപുകാർ നാടണഞ്ഞു; പിഞ്ചോമനയില്ലാത്ത കുടുംബത്തെ കണ്ടു
text_fieldsന്യൂഡൽഹി: ലോക്ഡൗൺ കാലത്തെ ഏറ്റവും നെഞ്ചുലച്ച ചിത്രങ്ങളിലൊന്നായി രാജ്യത്തെ നൊമ്പരെപ്പടുത്തിയ കുടിയേറ്റ തൊഴിലാളി രാംപുകാർ പണ്ഡിറ്റ് ഒടുവിൽ സ്വന്തം നാട്ടിലെത്തി. എന്നാൽ, എഴുന്നേൽക്കാൻപോലും കഴിയാത്ത അവശതയിൽ കുടുംബത്തെ അകലെനിന്ന് കണ്ട് കരയാനേ അദ്ദേഹത്തിനായുള്ളു. ഡൽഹിയിൽനിന്നും ശ്രമിക് ട്രെയിനിൽ ബിഹാറിലെത്തിയ രാംപുകാറിനെ ബെഗുസാരായിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ചാണ് കുടുംബത്തെ കണ്ടത്.
ആ കൂട്ടത്തിൽ ഒരു വയസ്സായ പിഞ്ചോമന ഇല്ലായിരുന്നു. ദിവസങ്ങൾക്കു മുെമ്പ ആ കുഞ്ഞു മകൻ ലോകത്തോട് വിടപറഞ്ഞിരുന്നു. മകെൻറ അസുഖ വിവരമറിഞ്ഞ് നാട്ടിലെത്താനാവാതെ ഡൽഹിയിലെ പാതയോരത്ത് മൊബൈൽ ഫോണും പിടിച്ച് പൊട്ടിക്കരയുന്ന ഈ 38കാരെൻറ ചിത്രം വാർത്താലോകത്ത് തരംഗമായിരുന്നു. ലോക്ഡൗണിൽ കുടുങ്ങിയ അന്തർസംസ്ഥാന തൊഴിലാളികളുടെ തീരാദുരിതത്തിെൻറ നേർസാക്ഷ്യമായി സമൂഹ മാധ്യമങ്ങളിൽ ആ ചിത്രം പ്രചരിച്ചു. ഇതുകണ്ട് ദയാലുവായ ഒരു സ്ത്രീ രാംപുകാറിന് 5,500 രൂപയും ഭക്ഷണവും നൽകി. പുറമെ, ഡൽഹിയിൽനിന്നു ബെഗുസാരായിലേക്ക് ടിക്കറ്റും.
ദീർഘമായ യാത്രക്കൊടുവിൽ ബിഹാറിൽ എത്തിയ രാംപുകാറിനെ എഴുന്നേൽക്കാൻ പോലുമാവാത്ത അവസ്ഥയിൽ സമീപത്തെ സ്കൂളിലെ ക്വാറൻറീൻ കേന്ദ്രത്തിലെത്തിച്ചു. കൂടുതൽ അവശനായതോടെ ആശുപത്രിയിലേക്ക് മാറ്റി. സാമൂഹിക അകലം പാലിച്ച് ദൂരെ നിന്ന് ഭാര്യയും ഒമ്പതുകാരിയായ മകളും രാംപുകാറിനെ കണ്ടു.
എനിക്ക് തല കറങ്ങുന്നുണ്ട്. കണ്ണുകൾ തുറക്കാൻ കഴിയാത്തത്ര ക്ഷീണവും. അവർ പരിശോധനക്കായി സ്രവം എടുത്തിട്ടുണ്ട്. അതിെൻറ ഫലം ഇതുവരെ വന്നിട്ടില്ല- രാംപുകാർ പറഞ്ഞു. ഞങ്ങൾ മൂന്നുപേരും പരസ്പരം നോക്കി കരയുകയായിരുന്നു. കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. മോളെ ഒന്ന് എടുക്കണമെന്നുണ്ടായിരുന്നു. എന്നാൽ, മീറ്ററുകൾക്കപ്പുറം ഏതാനും മിനുട്ടുകൾ മാത്രം നീണ്ടു ആ കൂടിക്കാഴ്ച.
നാട്ടിലെത്താൻ കാണുന്നവരോടൊക്കെ സഹായം തേടി മൂന്നു ദിവസം മുമ്പ് നിസാമുദ്ദീൻ പാലത്തിൽ കുടുങ്ങിയിരിക്കെ പി.ടി.ഐ ഫോട്ടോഗ്രാഫർ അതുൽ യാദവ് പകർത്തിയ ചിത്രം പിന്നീട് രാജ്യത്തുടനീളം പത്രങ്ങളുടെ ഒന്നാം പേജിൽ ഇടംപിടിക്കുകയായിരുന്നു. എന്നാൽ, രാജ്യത്തെ പിടിച്ചുലച്ച തെൻറ ചിത്രം ഇതുവരെ രാംപുകാർ കണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
