പശുവിൻ നെയ്യ്, മഞ്ഞൾ, കടുക്... ശ്വാസതടസത്തിന് ‘ആയുർവേദിക് ഹുക്ക’യുമായി ബാബാ രാംദേവ്; സോഷ്യൽ മീഡിയയിൽ പരിഹാസവും വിമർശനവും
text_fieldsയോഗ ഗുരു ബാബാ രാംദേവിന്റെ 'ആയുർവേദിക് ഹുക്ക'യാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചില ആയുർവേദ ചേരുവകൾ ഉപയോഗിച്ച് തയാറാക്കിയ ഹുക്ക ശ്വാസതടസ്സത്തിനും ചുമയ്ക്കും ആശ്വാസം നൽകുമെന്നാണ് രാംദേവിന്റെ അവകാശവാദം. പുക ശ്വസിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പുകൾക്കിടെ 'ആയുർവേദിക് ഹുക്ക'യുമായി രംഗത്തെത്തിയ രാംദേവിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും പരിഹാസവും ഉയരുകയാണ്.
ബാബാ രാംദേവ് 'ആയുർവേദിക് ഹുക്ക'യെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ഇതിനോടകം ഏറെ ചർച്ചയായിട്ടുണ്ട്. പരമ്പരാഗത ഹുക്കയ്ക്ക് സമാനമായ രീതിയിൽ ചില ഔഷധ സസ്യങ്ങളും വീട്ടിൽ സാധാരണയായി ലഭിക്കുന്ന ചില ചേരുവകളും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ചില ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്ക് ഇത് ആശ്വാസം നൽകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
എന്നാൽ ഇത്തരം അവകാശവാദങ്ങളെ ശാസ്ത്രീയമായ ചികിത്സാരീതിയായി കാണാനാകില്ലെന്നും ഇത്തരത്തിലുള്ള പുക ശ്വസിക്കുമ്പോൾ ചുമ, മൂക്കടപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്ക് സുരക്ഷിതമാണെന്നോ ഫലപ്രദമായ ചികിത്സയാണെന്നോ തെളിയിക്കുന്ന ശക്തമായ തെളിവുകൾ നിലവിലില്ലെന്നും നെറ്റിസൺസ് പറയുന്നു.
എന്താണ് ബാബാ രാംദേവിന്റെ 'ആയുർവേദിക് ഹുക്ക'?
ഇരട്ടിമധുരം (മുലേത്തി), മഞ്ഞൾ, കടുക്, പശുവിൻ നെയ്യ്, കാക്ര സിംഗി, ദേശി കർപ്പൂരം തുടങ്ങിയ ചേരുവകളാണ് ഹുക്ക നിർമിക്കാൻ ഉപയോഗിച്ചതെന്ന് രാംദേവ് പറയുന്നു.
ഈ ചേരുവകൾ കൂട്ടിച്ചേർത്ത ശേഷം ഹുക്കയ്ക്ക് സമാനമായ രീതിയിൽ ഇവ ഉപയോഗിക്കുന്നതിനെപ്പറ്റിയാണ് വീഡിയോയിൽ വിവരിക്കുന്നത്. ഇതിൽ നിന്നുള്ള പുക ശ്വസിക്കുന്നത് മൂക്കടപ്പിനും ചുമയ്ക്കും ആശ്വാസം നൽകുമെന്ന് രാംദേവ് പറയുന്നു. ആയുർവേദത്തിലെ വാത, പിത്ത, കഫ ദോഷങ്ങളുടെ സന്തുലിതാവസ്ഥയുമായും അദ്ദേഹം ഇതിനെ ബന്ധപ്പെടുത്തുന്നുണ്ട്.
എന്നാൽ വീഡിയോയിൽ ഉന്നയിക്കുന്ന ഇത്തരത്തിലുള്ള അവകാശവാദങ്ങൾ വൈദ്യശാസ്ത്രപരമായ ഉപദേശമായി ഒരിക്കലും കണക്കാക്കാൻ പാടുള്ളതല്ല. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. അശാസ്ത്രീയമായ ഇത്തരം മണ്ടത്തരങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

