'ഊപർ ഭഗവാൻ, നീചേ പാസ്വാൻ' (മുകളിൽ ദൈവം, താഴെ പാസ്വാൻ..) '90 കളുടെ ഒടുവിൽ രാംവിലാസ് പാസ്വാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹാജിപുർ എന്ന സ്വന്തം മണ്ഡലത്തിലിറങ്ങുമ്പോൾ അനുയായികൾ തൊണ്ടകീറി വിളിച്ച മുദ്രാവാക്യമായിരുന്നു ഇത്. ഭൂരിപക്ഷക്കണക്കിന് പാസ്വാനെ ഗിന്നസ് ബുക്കിൽ കയറ്റിയ ഹാജിപുരുകാർ ആ മുദ്രാവാക്യത്തെ ശരിവെച്ചിരുന്നു. ഒട്ടേറെ പ്രത്യാശകളുമായി ഒരുകാലത്ത് ഉയർന്നുവന്ന ദലിത് രാഷ്ട്രീയത്തിലെ പ്രസരിപ്പാർന്ന മുഖമായിരുന്നു രാംവിലാസ് പാസ്വാൻ.
വി.പി. സിങ് മന്ത്രിസഭമുതൽ ഇന്ത്യ ഭരിച്ച എല്ലാ മുന്നണികളിലും പാസ്വാൻ ഉണ്ടായിരുന്നു. അവസരങ്ങളുടെ കലയാണ് രാഷ്ട്രീയമെന്ന പ്രായോഗിക തന്ത്രത്തെ പാസ്വാനോളം പയറ്റിത്തെളിയിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലുണ്ടാവില്ല. രാജ്നാരായണെൻറയും ജയപ്രകാശ് നാരായണെൻറയും കടുത്ത അനുയായിയായി സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിെൻറ കൊടിയേന്തിയ പാസ്വാൻ ഒടുവിൽ ചെന്നെത്തിയത് സംഘ്പരിവാർ കൂട്ടുകെട്ടിലാണെന്നത് രാഷ്ട്രീയത്തിെൻറ വിരുദ്ധോക്തിയായി എന്നും നിലനിൽക്കും.
1975ൽ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ രാംവിലാസ് പാസ്വാൻ ജയിലിലായി. 1977ൽ ഇന്ദിരയെ കടപുഴക്കിയ തെരഞ്ഞെടുപ്പിൽ ഗിന്നസ് റെക്കോഡോടെ ഹാജിപുരിൽനിന്ന് പാസ്വാനെന്ന 33 വയസ്സുള്ള താടിക്കാരൻ ചെറുപ്പക്കാരൻ ജയിച്ചുകയറിയപ്പോൾ രാഷ്ട്രീയ പ്രവാചകരൊക്കെ അന്തംവിട്ടുപോയി. പോൾചെയ്ത വോട്ടിെൻറ 89.3 ശതമാനം വോട്ടും പാസ്വാനായിരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. 424545 വോട്ടിെൻറ വൻ ഭൂരിപക്ഷം. 1989ൽ അഞ്ചു ലക്ഷത്തിനും മുകളിലായിരുന്നു പാസ്വാെൻറ ഭൂരിപക്ഷം.
1946 ജൂലൈ അഞ്ചിന് ബിഹാറിലെ ഖഗാരിയ ജില്ലയിലെ ഷഹർബന്നിയിൽ ദലിത് കുടുംബത്തിൽ 1946 ജൂലൈ അഞ്ചിന് ജനിച്ചു. പിതാവ് ജമുൻ പാസ്വാൻ. മാതാവ് സിയാ ദേവി. കോസി കോളജിൽനിന്ന് ബിരുദവും പട്ന ലോ കോളജിൽനിന്ന് നിയമ ബിരുദവും നേടിയായിരുന്നു പാസ്വാൻ രാഷ്ട്രീയത്തിലിറങ്ങിയത്. എട്ടു തവണ ലോക്സഭാംഗമായി. നിലവിൽ രാജ്യസഭാംഗമായിരുന്നു.