
രാമക്ഷേത്രം 2023 അവസാനത്തോടെ ഭക്തർക്ക് തുറന്നുകൊടുക്കുമെന്ന് ട്രസ്റ്റ്
text_fieldsലഖ്നോ: ബാബ്രി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രം നിർമാണം പൂർത്തിയാക്കി 2023 അവസാനത്തോടെ ഭക്തർക്ക് തുറന്നുകൊടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. എഞ്ചിനിയർമാർ, ശിൽപികൾ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ട്രസ്റ്റ് യോഗത്തിനൊടുവിൽ മേധാവി നൃപേന്ദ്ര മിശ്രയാണ് അറിയിച്ചത്. രാമക്ഷേത്രത്തോടനുബന്ധിച്ചുള്ള 70 ഏക്കർ ഭൂമിയിലെ മൊത്തം നിർമാണങ്ങളും 2025 അവസാനത്തോടെ പൂർത്തിയാക്കും.
കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം നിർവഹിച്ചത്. നിർദിഷ്ട ക്ഷേത്ര ഭൂമിക്കടിയിൽ വെള്ളമൊഴുകുന്നത് കണ്ടെത്തി നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ജനുവരിയിൽ നിർത്തിവെച്ചിരുന്നു. ഒന്നാംഘട്ട നിർമാണം സെപ്റ്റംബർ 15ഓടെ പൂർത്തിയാക്കി നവംബറിൽ രണ്ടാം ഘട്ടം ആരംഭിക്കാനാണ് തീരുമാനം. നിർമാണത്തിനാവശ്യമായ കല്ലുകൾ മീർസാപൂർ, ജോധ്പൂർ എന്നിവിടങ്ങളിൽനിന്നും മാർബ്ൾ രാജസ്ഥാനിൽനിന്നും എത്തിക്കും.
1992 ഡിസംബർ ആറിന് തകർക്കപ്പെട്ട ബാബ്രി മസ്ജിദ് സ്ഥലത്ത് രാമക്ഷേത്ര നിർമാണത്തിന് 2019 ലാണ് സുപ്രീം കോടതി അനുവാദം നൽകിയത്.