രാമക്ഷേത്രക്കൊള്ള; നിലവിൽ പ്രവർത്തിക്കുന്നത് ‘സ്വകാര്യ ട്രസ്റ്റ്’ പോലെ, പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവുമായി നിർമോഹി അഖാര
text_fieldsഅയോധ്യയിലെ രാമക്ഷേത്രം
ന്യൂഡൽഹി: അയോധ്യ കേസിൽ 2019ൽ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ചരിത്രപരമായ വിധി പൂർണാർഥത്തിൽ നടപ്പാക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് ഹൈന്ദവ സന്യാസി സംഘടന നിർമോഹി അഖാര. വിധിയിൽ നിർദേശിച്ച പ്രകാരം ക്ഷേത്ര ഭരണത്തിൽ അഖാരയ്ക്ക് അർഹമായ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണമെന്നും, നിലവിലെ ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അഖാര സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിച്ചു. സന്യാസി സമൂഹത്തിന്റെ പരമ്പരാഗതമായ അവകാശങ്ങൾ ഹനിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഖാരയുടെ ഈ നീക്കം. അഖാഡയുടെ സർപഞ്ച് മഹന്ത് രാജാ രാമചന്ദ്രാചാര്യ അതീത് ഗുരു മഹന്ത് രഘുനാഥ് ദാസ്ജി മഹാരാജ് വഴിയാണ് സുപ്രീംകോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ രൂപവത്കരിച്ച ട്രസ്റ്റിൽ നിർമോഹി അഖാരയ്ക്ക് അർഹമായ പങ്കാളിത്തം നൽകിയിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തർക്കഭൂമിയിലുണ്ടായിരുന്ന നൂറ്റാണ്ടുകളുടെ ചരിത്രപരമായ സാന്നിധ്യം പരിഗണിച്ച്, ക്ഷേത്ര ഭരണ സമിതിയിൽ അഖാരയ്ക്ക് ഉചിതമായ പങ്കാളിത്തം നൽകാൻ വിധിയുടെ 804, 805(4) ഖണ്ഡികകളിൽ സുപ്രീംകോടതി വ്യക്തമായി നിർദേശിച്ചിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ല. നിലവിലെ ട്രസ്റ്റ് യാതൊരുവിധ നിയമപരമായ മേൽനോട്ടവുമില്ലാതെ ഒരു 'സ്വകാര്യ ട്രസ്റ്റ്' പോലെയാണ് പ്രവർത്തിക്കുന്നതെന്നും, സുതാര്യത ഉറപ്പാക്കാൻ ഇത് പൊതു ട്രസ്റ്റായി പുനഃസംഘടിപ്പിക്കണമെന്നും നിർമോഹി അഖാര അപേക്ഷയിൽ ആവശ്യപ്പെട്ടു.
ട്രസ്റ്റിലേക്ക് അഖാരയുടെ പ്രതിനിധിയായി ഒരു വ്യക്തിയെ കേന്ദ്രസർക്കാർ ഏകപക്ഷീയമായി നാമനിർദേശം ചെയ്തതിനെയും ഹരജിയിൽ ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്. അഖാരയുടെ 'പഞ്ചായത്തി' സമ്പ്രദായമനുസരിച്ച് കൂട്ടായാണ് പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടത്. കൂടാതെ, രാമക്ഷേത്രത്തിലെ പരമ്പരാഗത പൂജകൾ, സേവ, ഭോഗ് തുടങ്ങിയ ആചാരപരമായ കാര്യങ്ങളുടെ മേൽനോട്ട ചുമതല നൂറ്റാണ്ടുകളായി പിന്തുടരുന്ന 'രാമാനന്ദി' പാരമ്പര്യമനുസരിച്ച് നിർമോഹി അഖാരയ്ക്ക് തന്നെ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിലെ യഥാർഥ വിഗ്രഹങ്ങൾ മാറ്റിയതാണ് ഹരജിയിലെ മറ്റൊരു പ്രധാന ആക്ഷേപം. കോടതി വ്യവഹാരങ്ങളിൽ ഉൾപ്പെട്ടിരുന്ന യഥാർഥ വിഗ്രഹങ്ങളെ മാറ്റിസ്ഥാപിക്കാൻ ട്രസ്റ്റിന് അധികാരമില്ല. അവ ശ്രീകോവിലിൽ തന്നെ പുനഃപ്രതിഷ്ഠിക്കണം, അല്ലെങ്കിൽ അഖാരയ്ക്ക് വിട്ടുനൽകണം. ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്നുവന്ന സാമ്പത്തിക ആക്ഷേപങ്ങളും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്. സംഭാവനകളിലും വിലപിടിപ്പുള്ള വസ്തുക്കളുടെ കൈകാര്യം ചെയ്യലിലും അഴിമതി ആരോപിക്കപ്പെട്ടതിനാൽ, ട്രസ്റ്റിന്റെ സാമ്പത്തിക-വസ്തു ഇടപാടുകളെക്കുറിച്ച് ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും സ്വതന്ത്ര സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും നിർമോഹി അഖാഡ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

