രാമക്ഷേത്ര സംഭാവന തട്ടിപ്പ്: എട്ടുപേർക്കെതിരെ എഫ്.ഐ.ആർ, ഒടുവിൽ കേസെടുത്ത് യു.പി പൊലീസ്
text_fieldsരാമക്ഷേത്രം
ലഖ്‌നോ:അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ലഭിച്ച സംഭാവനകൾ ദുരുപയോഗം ചെയ്തെന്നാരോപിച്ചുള്ള കേസിൽ എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ രേഖാമൂലമുള്ള പരാതിയിലാണ് പൊലീസിന്റെ നടപടി. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭാവനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും മോഷണ ആരോപണങ്ങളും പരിശോധിക്കാൻ സർക്കാർ നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിന് കൈമാറിയതിന് പിന്നാലെയാണ് കേസ് ഫയൽ ചെയ്തത്.
അതേസമയം, ക്ഷേത്ര ട്രസ്റ്റ് എല്ലാവിധ ആരോപണങ്ങളും നിഷേധിച്ചു. തങ്ങൾ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ട്രസ്റ്റ് അധികൃതർ പറയുന്നത്. ക്ഷേത്ര നിർമ്മാണത്തിന് ലഭിച്ച വലിയ തുകയുടെ വിനിയോഗത്തിൽ സുതാര്യത വേണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. കേസ് ഇപ്പോൾ രാജ്യവ്യാപകമായി ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

