അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിെൻറ ക്ഷണമനുസരിച്ച് എത്തുന്ന പ്രധാനമന്ത്രി ആഗസ്റ്റ് അഞ്ചിന് നിർമാണ ഭൂമിയിൽ ഭൂമിപൂജ ചടങ്ങിലും പെങ്കടുക്കുമെന്ന് ട്രസ്റ്റ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
അതേസമയം, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. മാർച്ചിൽ ആരംഭിക്കേണ്ടിയിരുന്ന, നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവൃത്തികൾ കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ആദ്യ അയോധ്യ സന്ദർശനമാണിത്. സുപ്രീംകോടതി വിധിപ്രകാരം ക്ഷേത്ര നിർമാണത്തിനായി ലഭിച്ച ഭൂമിയിലെ ‘ഗർഭഗൃഹ’ത്തിൽ അഞ്ചിന് രാവിലെ 11നാണ് ചടങ്ങ്. ഇതോടെ ക്ഷേത്ര നിർമാണത്തിന് ഔദ്യോഗിക തുടക്കമാകും.
പ്രധാനമന്ത്രിക്കു പുറമെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മേഖലയിൽനിന്നുള്ള കേന്ദ്ര മന്ത്രിമാർ, എം.പിമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ഇതിനു പുറമെ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കുമെന്ന് ട്രസ്റ്റ് വൃത്തങ്ങൾ പറഞ്ഞു.