ലഖ്നോ: രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിൻെറ അക്കൗണ്ടിൽ വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിപ്പ്. ആറ് ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ട്രസ്റ്റ് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.
വ്യാജ ചെക്ക് ഉപയോഗിച്ച് ആദ്യം 2.5 ലക്ഷം രൂപയും പിന്നീട് 3.5 ലക്ഷം രൂപയും തട്ടുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. തട്ടിപ്പ് നടത്തിയവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അയോധ്യ ഡെപ്യൂട്ടി ഇൻസ്പെക്ടർ ദീപക് കുമാർ പറഞ്ഞു.
ബാങ്കുകളിൽ സമർപ്പിക്കപ്പെട്ട വ്യാജ ചെക്കുകളുടെ അതേ സീരിയൽ നമ്പറിലുള്ള ചെക്കുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് ക്ഷേത്രം നിർമ്മാണ ട്രസ്റ്റ് അധികൃതർ പറഞ്ഞു. ക്ഷേത്ര നിർമ്മാണ ട്രസ്റ്റിൻെറ പേരിലുള്ള ഒമ്പത് ലക്ഷം രൂപയുടെ ചെക്ക് ക്ലിയറൻസിനായി എത്തിയപ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ ട്രസ്റ്റ് അധികാരികളുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെപ്റ്റംബർ ഒന്നിനും മൂന്നിനും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടെന്ന് കണ്ടെത്തി.