
കോൺഗ്രസ് വിദ്യാർഥി വിഭാഗത്തിന്റെ രാമക്ഷേത്ര 'പിരിവ്'; നേതാക്കൾക്കിടയിൽ അതൃപ്തി
text_fieldsന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് രാജസ്ഥാനിൽ കോൺഗ്രസ് വിദ്യാർഥി വിഭാഗം ധനശേഖരണ പ്രചാരണം നടത്തുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തി. പാർട്ടിയുടെ അടിസ്ഥാനപരമായ ആശയ ദർശനങ്ങളെക്കുറിച്ച് വ്യക്തമായ ചർച്ച കോൺഗ്രസിൽ നടക്കേണ്ടതുണ്ടെന്ന കാര്യത്തിന് അടിവരയിടുന്നതാണ് സംഭവമെന്ന് മുൻമന്ത്രി മനീഷ് തിവാരി പരസ്യമായി പ്രതികരിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് മതനിരപേക്ഷ പാർട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ക്ഷേത്രത്തിന് സംഭാവന തേടി ഒരു പ്രചാരണവും നടത്തുന്നില്ലെന്ന് എൻ.എസ്.യു (ഐ) പ്രസിഡൻറ് നീരജ് കുന്ദൻ പറഞ്ഞു. രാമക്ഷേത്രത്തിെൻറ പേരിൽ ബി.ജെ.പിയും ആർ.എസ്.എസും നടത്തുന്ന കൊള്ള തുറന്നു കാട്ടാനുള്ള പ്രതീകാത്മക പ്രതിഷേധമാണ് രാജസ്ഥാനിൽ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'രാമെൻറ പേരിൽ ഒരു രൂപ' എന്ന പരിപാടിയാണ് ജയ്പൂരിലെ കോമേഴ്സ് കോളജിൽ എൻ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിഷേക് ചൗധരിയുടെ നേതൃത്വത്തിൽ നടന്നത്. ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്ന് എ.ഐ.സി.സി ട്രഷറർ പവൻകുമാർ ബൻസൽ പറഞ്ഞു.