രാമക്ഷേത്ര കൊള്ള: ചോദ്യം ചെയ്യലിൽ കൈയൊഴിഞ്ഞ് ചമ്പത് റായ്; അട്ടിമറി നടന്നത് ജീവനക്കാരുടെ ഭാഗത്തുനിന്നെന്ന് മൊഴി
text_fieldsചമ്പത് റായ്
അയോധ്യ: രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകൾ കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയെ പൊലീസ് മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്തു. സംഭാവനകളിലെ ക്രമക്കേടിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ റായ്, ഭക്തർ നൽകിയ സംഭാവന കൈകാര്യം ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ട ജീവനക്കാർ ഇത്തരമൊരു തട്ടിപ്പിന് മുതിരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പറഞ്ഞ് കൈയൊഴിഞ്ഞു.
രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തർ നൽകിയ കാണിക്കയും സംഭാവനകളുമായി ലഭിച്ച കോടികൾ വിലമതിക്കുന്ന വസ്തുക്കൾ കൊള്ളയടിച്ചതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് നിർണായകമായ ചോദ്യം ചെയ്യൽ നടന്നിരിക്കുന്നത്. കേസിൽ ഇതിനകം സംഭാവനകൾ എണ്ണുന്നതിനും സൂക്ഷിക്കുന്നതിനുമായി നിയോഗിക്കപ്പെട്ട അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ യാദവ് എന്നിവരടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ട്രസ്റ്റ് അംഗങ്ങളായ അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം തുടരുന്നതിനിടയിലാണ് ട്രസ്റ്റ് മുൻ ഭാരവാഹികളെ പൊലീസ് ചോദ്യം ചെയ്യുന്നത്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജി കോടതി അവധിക്കാലത്തിന് ശേഷം പരിഗണിക്കാൻ മാറ്റിവെച്ചു.
സംഭവത്തിൽ ട്രസ്റ്റ് തന്നെ നേരിട്ട് അന്വേഷണം ആവശ്യപ്പെടുകയും, ആഭ്യന്തര അന്വേഷണത്തിലൂടെ ക്രമക്കേട് കണ്ടെത്തി 80 ലക്ഷം രൂപ വീണ്ടെടുക്കുകയും ചെയ്തിരുന്നതായും വിശ്വഹിന്ദു പരിഷത്ത് അവകാശപ്പെട്ടു. ട്രസ്റ്റ് ജീവനക്കാരായ എട്ടുപേരെ പ്രതിചേർത്ത് കേസ് ഒതുക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് ചമ്പത് റായിക്ക് രാജിവെക്കേണ്ടിവന്നത്.
ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ജൂലൈ 6-ന് ട്രസ്റ്റ് യോഗം ചേരും. ഇതിനിടെ, അറസ്റ്റിലായ പ്രതികൾക്ക് വേണ്ടി തങ്ങളുടെ അംഗങ്ങൾ ഹാജരാകില്ലെന്നും അങ്ങനെ ഹാജരാകുന്ന അഭിഭാഷകർക്ക് 50 ലക്ഷം രൂപ പിഴ ഈടാക്കുമെന്നും ഫൈസാബാദ് ബാർ അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടടതെ ചമ്പത് റായിയും മറ്റ് ട്രസ്റ്റ് അംഗങ്ങളും അയോധ്യ വിടണമെന്നും, വിഷയത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന നടക്കാനിരുന്ന രാമക്ഷേത്ര സന്ദർശത്തിന് മുന്നോടിയായി യു.പിയിലെ കോൺഗ്രസ് അധ്യക്ഷനെ പൊലീസ് വീട്ടുതടങ്കലിലാക്കിയത് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

