Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്ര ഹിന്ദുവാണോ?...

തീവ്ര ഹിന്ദുവാണോ? മാംസാഹാരം കഴിക്കാറുണ്ടോ? പൂണൂൽ ധരിക്കാറുണ്ടോ? രാമക്ഷേത്രം സി.ഇ.ഒ ഉദ്യോഗാർഥികളോട് വിചിത്ര ചോദ്യങ്ങൾ

text_fields
bookmark_border
തീവ്ര ഹിന്ദുവാണോ? മാംസാഹാരം കഴിക്കാറുണ്ടോ? പൂണൂൽ ധരിക്കാറുണ്ടോ?  രാമക്ഷേത്രം സി.ഇ.ഒ ഉദ്യോഗാർഥികളോട് വിചിത്ര ചോദ്യങ്ങൾ
cancel

അയോധ്യ: അയോധ്യയിലെ ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യത്തെ മുഴുവൻ സമയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സി.ഇ.ഒ) കണ്ടെത്താനുള്ള അഭിമുഖ നടപടികൾ ശ്രദ്ധേയമാകുന്നു. ഉദ്യോഗാർഥികളുടെ കേവലം ഭരണപരിചയമോ സംഘാടകശേഷിയോ മാത്രമല്ല, മറിച്ച് അവരുടെ മതപരമായ നിഷ്ഠകളും വ്യക്തിപരമായ ഭക്ഷണരീതികളും വരെ ചോദിച്ചറിഞ്ഞാണ് അഭിമുഖം പുരോഗമിക്കുന്നത്. 'നിങ്ങൾ ഒരു തീവ്ര ഹിന്ദുവാണോ?', 'മാംസാഹാരം കഴിക്കാറുണ്ടോ?', 'മദ്യപിക്കുന്ന ശീലമുണ്ടോ?', 'തലയിൽ കുടുമയോ ശരീരത്തിൽ പൂണൂലോ ധരിക്കാറുണ്ടോ?' തുടങ്ങി തികച്ചും വ്യക്തിപരവും ആചാരപരവുമായ ചോദ്യങ്ങളടങ്ങിയ 34 പോയിന്റുകളുള്ള ഒരു ഗൂഗ്ൾ ഫോം പൂരിപ്പിച്ചു നൽകിയ ശേഷമാണ് ഉദ്യോഗാർഥികളെ അയോധ്യയിൽ നേരിട്ടുള്ള അഭിമുഖത്തിന് ക്ഷണിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച 5,200ഓളം അപേക്ഷകളിൽ നിന്നാണ് 18 ഉദ്യോഗാർഥികളെ അവസാന വട്ടത്തിലേക്ക് തിരഞ്ഞെടുത്തത്. അയോധ്യയിൽ നേരിട്ടുള്ള അഭിമുഖത്തിന് എത്തുന്നതിന് മുന്നോടിയായി ഇവരിൽ നിന്ന് 34 ചോദ്യങ്ങളടങ്ങിയ വിശദമായ ഒരു ഗൂഗ്ൾ ഫോം ട്രസ്റ്റ് പൂരിപ്പിച്ചു വാങ്ങിയിരുന്നു. ഉദ്യോഗാർഥിയുടെ കുടുംബ പശ്ചാത്തലം, മുൻകാല ജോലി പരിചയം, വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശേഷി, ഹൈന്ദവ ആചാരങ്ങളോടുള്ള പ്രതിബദ്ധത എന്നിവ വിലയിരുത്താനാണ് ഈ ഗൂഗ്ൾ ഫോം.

ഓൺലൈൻ പ്രാഥമിക അഭിമുഖത്തിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട എട്ട് പേരാണ് ചൊവ്വാഴ്ച അയോധ്യയിൽ നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുത്തത്. നാല് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. ഓരോ ഉദ്യോഗാർഥിയുടെയും അഭിമുഖം ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ നീണ്ടുനിന്നു. കേവലം ഒരു ഭരണാധികാരിയെ കണ്ടെത്തുക എന്നതിനപ്പുറം, ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു തീർത്ഥാടന കേന്ദ്രത്തിന് അനുയോജ്യമായ ഭക്തിയും വ്യക്തിത്വവും കാഴ്ചപ്പാടും ഉദ്യോഗാർത്ഥിക്കുണ്ടോ എന്ന് പരീക്ഷിക്കുന്നതായിരുന്നു അഭിമുഖം.

തലയിൽ കുടുമ (ശിഖ) വെക്കാറുണ്ടോ? പൂണൂൽ ധരിക്കുന്നയാളാണോ? പൂർണ്ണ സസ്യാഹാരിയാണോ അതോ മാംസാഹാരം കഴിക്കാറുണ്ടോ? മദ്യപിക്കുന്ന സ്വഭാവമുണ്ടോ അതോ പൂർണ്ണ മദ്യവർജ്ജകനാണോ? താങ്കൾ ഒരു തീവ്ര ഹിന്ദുവിശ്വാസിയാണോ? ക്ഷേത്ര ആചാരങ്ങൾക്ക് അനുസൃതമായ പരമ്പരാഗത ഹൈന്ദവ വസ്ത്രധാരണം പിന്തുടരാൻ തയാറാണോ? മുൻപ് എവിടെയൊക്കെ ജോലി ചെയ്തിട്ടുണ്ട്? വലിയ ഭക്തജന തിരക്കുകൾ കൈകാര്യം ചെയ്ത് പരിചയമുണ്ടോ? ശ്രീരാമനോടുള്ള താങ്കളുടെ വിശ്വാസവും കാഴ്ചപ്പാടും എന്താണ്? എന്നിങ്ങനെ പോകുന്നു ചോദ്യങ്ങൾ.

ഉദ്യോഗാർഥികളുടെ ഔദ്യോഗിക പട്ടിക ട്രസ്റ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജേഷ് പാണ്ഡെ പട്ടികയിലുള്ളതായി റിപ്പോർട്ടുകളുണ്ട്. ഉത്തർപ്രദേശ് പൊലീസിലെ മുൻ ഐ.ജിയും ലഖ്‌നോ എസ്.എസ്.പിയുമായിരുന്ന അദ്ദേഹം യു.പി സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ (STF) സ്ഥാപക അംഗങ്ങളിലൊരാളാണ്. ലഖ്‌നോ അലിഗഞ്ചിലെ ചരിത്രപ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിന്റെ സെക്രട്ടറിയായും അദ്ദേഹം നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

ഇതിനുപുറമെ മുൻ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റും ഗോണ്ട ഡിവിഷണൽ കമ്മീഷണറുമായിരുന്ന റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ യോഗേശ്വർ മിശ്ര ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകളും പരിഗണനയിലുണ്ട്. ക്ഷേത്ര ട്രസ്റ്റിൽ സാമ്പത്തിക ക്രമക്കേടുകളും സംഭാവന തട്ടിപ്പ് ആരോപണങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് ഒരു മുഴുവൻ സമയ സി.ഇ.ഒയെ നിയമിക്കാൻ ട്രസ്റ്റ് തീരുമാനിച്ചത്. കേസിൽ സാമ്പത്തിക മാനേജ്‌മെന്റ് വലിയ പരിശോധനക്ക് വിധേയമാവുകയും കേസുമായി ബന്ധപ്പെട്ട് 8 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് ഉൾപ്പെടെയുള്ള മൂന്ന് മുതിർന്ന ഭാരവാഹികൾ ചുമതലകളിൽ നിന്ന് പടിയിറങ്ങുകയും ചെയ്തു. സുപ്രീം കോടതി മുൻ ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, റിട്ട. ലെഫ്റ്റനന്റ് ജനറൽ വിഷ്ണു കാന്ത് ചതുർവേദി, സുരേഷ് ഹവാരെ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് അഭിമുഖങ്ങൾ നടത്തുന്നത്. ഈ സമിതി 18 പേരിൽ നിന്ന് മൂന്ന് അന്തിമ പേരുകൾ നിർദേശിച്ച് സെപ്റ്റംബർ 2ന് മുൻപായി ട്രസ്റ്റിന് സമർപ്പിക്കും.

അന്നേ ദിവസം ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ദിനംപ്രതിയുള്ള സാമ്പത്തിക-ഭരണ കാര്യങ്ങൾ, കോടിക്കണക്കിന് ഭക്തർ എത്തുന്ന ക്ഷേത്രത്തിലെ സുരക്ഷാ ഏജൻസികളുമായുള്ള ഏകോപനം, ആചാരങ്ങളും ഉത്സവങ്ങളും തടസ്സമില്ലാതെ നടപ്പിലാക്കൽ എന്നിവ സി.ഇ.ഒയുടെ ചുമതലയിലായിരിക്കും. തസ്തികയുടെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന്റെയും ആർ.എസ്.എസ് നേതൃത്വത്തിന്റെയും പൂർണ്ണ സമ്മതത്തോടെയായിരിക്കും അന്തിമ നിയമനം നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CEORam Temple TrustinterviewAyodhya Ram Mandirram temple
News Summary - Ram Temple CEO Candidates Face Personal Questions
Next Story