വിട പറഞ്ഞത് രാം സുതാർ എന്ന രാജശിൽപി
text_fieldsരാം സുതാറും മകനും ഗാന്ധി പ്രതിമക്ക് സമീപം
മുംബൈ: ജീവൻ തുടിക്കുന്ന, ചരിത്രമുറങ്ങുന്ന ശിൽപങ്ങളും പ്രതിമകളുമായിരുന്നു ഇന്നലെ യു.പിയിലെ നോയിഡയിൽ അന്തരിച്ച രാം സുതാറിന്റേത്. ഏഴുപത് വർഷം നീണ്ട കരിയറിൽ സുതാറുണ്ടാക്കിയ പ്രതിമകൾ ഇന്ത്യയുടെ മുൻകാല നേതാക്കളുടെയും ഭരണാധികാരികളുടെയും ഓർമകൾ എക്കാലവും നിലനിർത്തുന്നതായിരുന്നു.
വെങ്കലത്തിലും കല്ലിലും ഈ മനുഷ്യൻ കൊത്തിയെടുത്ത പ്രതിമകൾക്കും ശിൽപങ്ങൾക്കും കണക്കില്ല. വല്ലഭ്ഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂനിറ്റി 182 മീറ്റർ ഉയരം കൂടിയ പ്രതിമയാണ്. ഗുജറാത്തിൽ നർമദ നദിക്കരയിൽ സർദാർ സരോവർ ഡാമിന് അഭിമുഖമായാണ് രാം സുതാർ ഈ പ്രതിമ നിർമിച്ചത്. 1998ൽ പാർലമെന്റിലായിരുന്നു ഇദ്ദേഹം പട്ടേലിന്റെ പ്രതിമ ആദ്യമായി നിർമിച്ചത്.
ഗാന്ധിജിയുടെ 370ലേറെ പ്രതിമകൾ സുതാർ നിർമിച്ചിരുന്നു. വിദേശത്തേക്കും ഗാന്ധി പ്രതിമകൾ നിർമിച്ചുകൊടുത്തു. തിളങ്ങുന്ന മീശയും ധ്യാനത്തിലുള്ള ഭാവവുമായി പാർലമെന്റിന് മുന്നിലുള്ള ഗാന്ധിജിയുടെ പ്രതിമ ലോകശ്രദ്ധ ആകർഷിച്ചതാണ്. ചരിത്രത്തെ രൂപപ്പെടുത്തുന്ന ഓർമ തന്റെ ശിൽപങ്ങളിലും ഒഴിവാക്കാനാവാത്ത ഘടകമാണെന്ന് ഒരിക്കൽ രാം സുതാർ പറഞ്ഞിരുന്നു.
ഗാന്ധിജിയെക്കുറിച്ച് ഓർക്കുമ്പോൾ സദ്ഭാവന, അഹിംസ, സത്യം എന്നിവയെക്കുറിച്ച് ചിന്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിലൂടെ നാം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങളെ ബന്ധപ്പെടുത്തുന്നു. അനുഭവത്തിൽ നിന്നാണ് ഇദ്ദേഹത്തിന്റെ ഗാന്ധി പ്രതിമകൾ പിറന്നത്.
ഗാന്ധിജിയുടെ നിരവധി വ്യത്യസ്ത ശിൽപങ്ങൾ നിർമിക്കാൻ കഴിഞ്ഞതും ചരിത്രത്തെയും ഓർമയെയും ഉയർത്തുന്ന ശിൽപിയുടെ ആ അനുഭവസമ്പന്നതയാണ്. ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും സുതാറിന്റെ സൃഷ്ടികളായി ജീവൻ തുടിച്ചു. ജെ.ജെ ആർട്സ് കോളജിൽ നിന്ന് ഡിപ്ലോമ നേടിയ ശേഷം മഹാരാഷ്ട്ര പുരാവസ്തു വകുപ്പിൽ അഞ്ച് വർഷം ജോലി ചെയ്ത സുതാർ പിന്നീട് രാജിവെച്ച് തികച്ചും പ്രഫഷനലായി. 1961ൽ ജി.ബി. പന്തിന്റെ പ്രതിമയാണ് രാജ്യത്തിനായി ആദ്യമായി നിർമിച്ചത്.
2008ൽ പാർലമെന്റിൽ സ്ഥാപിച്ച ഭഗത് സിങ്ങിന്റെ പ്രതിമയിൽ പതിവ് തൊപ്പിക്കു പകരം സിഖ് തലപ്പാവ് നൽകിയത് വിവാദമായിരുന്നു. 1999ൽ പത്മശ്രീയും 2016ൽ പത്മവിഭൂഷണും നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. അടുത്തിടെ മഹാരാഷ്ട്ര ഭൂഷണും ലഭിച്ചു. നോയിഡയിലാണ് രാം സുതാർ സ്റ്റുഡിേയാ നടത്തിയിരുന്നത്. പ്രമീളയാണ് ഭാര്യ. ശിൽപി കൂടിയായ അനിൽ സുതാറാണ് മകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

