സമാധാനം കാത്തുസൂക്ഷിക്കാൻ മത നേതാക്കളുടെ സംയുക്ത ആഹ്വാനം
text_fieldsന്യൂഡൽഹി: രാമനവമി ഘോഷയാത്രയോട് അനുബന്ധിച്ച് രാജ്യവ്യാപകമായുണ്ടായ സംഘർഷങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച വിവിധ മതനേതാക്കൾ സമാധാനം കാത്തുസൂക്ഷിക്കാൻ സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. വർഗീയ സംഘർഷങ്ങൾക്ക് പ്രേരിപ്പിച്ചവർക്കെതിരെ അടിയന്തര നടപടി എടുക്കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.
രാമനവമി ഘോഷയാത്രയോട് അനുബന്ധിച്ചുണ്ടായ കലാപങ്ങൾ യാദൃച്ഛികമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഭാരതീയ സർവ ധർമ സൻസദ് സ്ഥാപകൻ ഗോസ്വാമി സുശീൽ മഹാരാജ്, അഖിലേന്ത്യാ രവിദാസ്യ ധർമ സൻഘടൻ ചെയർമാൻ സന്ത് വീർ സിങ് ഹിത്കാരി, ഡൽഹി ബംഗ്ലാ സാഹെബ് ഗുരുദ്വാര മുഖ്യ പുരോഹിതൻ ഗ്യാനി രഞ്ജിത് സിങ, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷൻ പ്രഫ. മുഹമ്മദ് സലീം എൻജിനീയർ, ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർമണി ആൻഡ് പീസ് സ്റ്റഡീസ് ഡയറക്ടർ ഫാ. ഡോ. എം.ഡി. തോമസ്, ഫാ. സെബാസ്റ്റ്യൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അധികാരികളും പൊലീസും മൗനികളായി കാഴ്ചക്കാരായി നിൽക്കെ കലാപകാരികളും സാമൂഹിക വിരുദ്ധരും പരസ്യമായി ആരാധനാലയങ്ങൾ തകർക്കുകയും അശുദ്ധമാക്കുകയും ചെയ്യുന്നത് പുറത്തുവന്ന അക്രമത്തിന്റെ വിവിധ വിഡിയോകളിൽ നിന്നും വ്യക്തമാകുന്നുണ്ടെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. മതങ്ങളുടെയും വിശ്വാസങ്ങളുടെയും വൈവിധ്യമാണ് ഇന്ത്യൻ സമൂഹത്തിന്റെ കരുത്ത്. പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം ശക്തിപ്പെടുത്തിയെങ്കിൽ മാത്രമേ രാജ്യത്തിന്റെ പുരോഗതിയും ക്ഷേമവും സാധ്യമാകൂ.
എല്ലാ മതങ്ങളുടെയും പ്രതിനിധികളായ സമൂഹത്തിൽ സമാധാനവും പരസ്പര സ്നേഹത്തിനും ദൈവത്തോട് ഒരുമിച്ച് പ്രാർഥിക്കുകയാണെന്നും നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി. അക്രമസംഭവങ്ങൾ പരസ്പരം സ്നേഹവും സൗഹാർദവും തകർക്കുമെന്നും സമൂഹത്തെയും രാജ്യത്തെയും ദുർബലപ്പെടുത്തുമെന്നും പ്രസ്താവന മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

