അയോധ്യ രാമക്ഷേത്രക്കൊള്ള എസ്.ഐ.ടി റിപ്പോർട്ട്; നിർണായക ചോദ്യങ്ങൾക്ക് ഉത്തരമില്ല, എത്ര തുക നഷ്ടപ്പെട്ടെന്ന് തിട്ടപ്പെടുത്താനായില്ല
text_fieldsന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാറിന്റെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ക്ഷേത്ര ഭരണത്തിലെ വൻ സുരക്ഷാവീഴ്ചകളും അഴിമതിയും തുറന്നുകാട്ടുന്നു. എന്നാൽ, തട്ടിപ്പിന്റെ യഥാർഥ വ്യാപ്തിയോ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കോ വ്യക്തമാക്കാതെ പല നിർണായക ചോദ്യങ്ങളും റിപ്പോർട്ടിൽ ഒഴിവാക്കിയതായും ആക്ഷേപമുണ്ട്.
കൺട്രോൾ റൂമിലെ സി.സി.ടി.വിയിൽ പതിഞ്ഞ ഏപ്രിൽ 27നും ജൂൺ അഞ്ചിനുമിടയിലുള്ള ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് 40 ദിവസത്തിനിടെ 70 തവണയാണ് ജീവനക്കാർ പണം കവർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങൾ നിശ്ചിത ദിവസങ്ങൾക്കു ശേഷം തനിയെ മാഞ്ഞുപോകുന്ന സംവിധാനമായതിനാൽ ഏപ്രിൽ 27ന് മുമ്പ് നടന്ന മോഷണങ്ങൾ കണ്ടെത്താൻ എസ്.ഐ.ടിക്ക് കഴിഞ്ഞിട്ടില്ല.
പ്രതികളുടെ മൊഴികൾ പ്രകാരം, ഇതിനു മുമ്പും മോഷണം നടന്നിട്ടുണ്ടാകാമെന്നാണ് സൂചന. അതിനാൽ, ക്ഷേത്രത്തിന് കൃത്യമായി എത്ര തുക നഷ്ടപ്പെട്ടെന്ന് തിട്ടപ്പെടുത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ഭക്തർ സമർപ്പിക്കുന്ന കാണിക്കകൾ എണ്ണാൻ എസ്.ബി.ഐയും ട്രസ്റ്റും തമ്മിൽ കൃത്യമായ ചട്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
കൗണ്ടിങ് റൂമിൽ കയറുന്ന ജീവനക്കാരെ കർശനമായി പരിശോധിക്കുക, പോക്കറ്റുകൾ ഇല്ലാത്ത പ്രത്യേക യൂനിഫോം ധരിക്കുക, ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തുക എന്നിവ പാലിക്കണമെന്ന് ചട്ടങ്ങളിൽ പറയുന്നു. എന്നാൽ, ഇവയൊന്നും പാലിക്കപ്പെട്ടില്ല.
2024 സെപ്റ്റംബർ 20ലെ ആദ്യ കരാർ പ്രകാരം കൗണ്ടിങ് റൂമിൽ കയറുന്ന എല്ലാവരെയും നിർബന്ധമായി പരിശോധിക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ, 2025 ഫെബ്രുവരി ആറിന് ട്രസ്റ്റ് ഈ ചട്ടം പുതുക്കി വല്ലപ്പോഴുമുള്ള പരിശോധനയാക്കി മാറ്റി. സുരക്ഷാ വിദഗ്ധരുടെ അനുമതിയില്ലാതെ ആരുടെ നിർദേശപ്രകാരമാണ് ഈ ചട്ടം അട്ടിമറിച്ചതെന്ന് കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്ന് എസ്.ഐ.ടി റിപ്പോർട്ടിൽ പറയുന്നു.
കാണിക്കവഞ്ചികളിലെ പണം വെവ്വേറെ എണ്ണുക, സി.സി.ടി.വി ദൃശ്യങ്ങൾ കുറഞ്ഞത് 180 ദിവസമെങ്കിലും സൂക്ഷിക്കുക, കൗണ്ടിങ് റൂമിലെ പരിശോധനകൾ കർശനമാക്കുക തുടങ്ങി നാലു വർഷത്തെ ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടുകളിലെ ശിപാർശകളെല്ലാം അവഗണിക്കപ്പെട്ടെന്നും എസ്.ഐ.ടി കണ്ടെത്തി.
നാഗ്പൂരിൽ ഭജന പാടി പ്രതിഷേധിച്ച് കോൺഗ്രസ്
അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് ‘രഘുപതി രാഘവ രാജാറാം സത്യഗ്രഹ’വുമായി കോൺഗ്രസ്. നഗരത്തിലെ പ്രശസ്തമായ പൊദ്ദാരേശ്വർ രാമക്ഷേത്ര സമുച്ചയത്തിൽ രാമമന്ത്രങ്ങളും ഭക്തിഗാനങ്ങളും പാടിയാണ് പ്രവർത്തകർ സത്യഗ്രഹത്തിൽ പങ്കെടുത്തത്. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ കോൺഗ്രസ് ഔദ്യോഗികമായി പൊലീസിൽ പരാതി നൽകുമെന്നും നേതാവ് പ്രഫുല്ല ഗുദാധെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

