Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right360-ഡിഗ്രി കാമറകൾ, 8...

360-ഡിഗ്രി കാമറകൾ, 8 അംഗ നിരീക്ഷണ സംഘം, വിഡിയോഗ്രാഫി: സുരക്ഷാ വീഴ്ചകൾക്ക് പിന്നാലെ രാമക്ഷേത്രത്തിൽ കർശന നിരീക്ഷണം

text_fields
bookmark_border
രാമക്ഷേത്രം
cancel
camera_alt

രാമക്ഷേത്രം

അയോധ്യ: വൻ സുരക്ഷാ വീഴ്ചകൾക്കും സംഭാവന കൊള്ളക്കും പിന്നാലെ രാമക്ഷേത്രത്തിൽ നിരീക്ഷണ സംവിധാനം കർശനമാക്കി. ഭക്തരുടെ വഴിപാടുകളിൽ നടന്ന തിരിമറികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ട്രസ്റ്റിന്റെ പുതിയ നടപടി. സംഭാവന ശേഖരിക്കുന്നത് മുതൽ പനം എണ്ണുന്ന മുറിയിലെത്തിക്കുന്നത് വരെയുള്ള ഓരോ ഘട്ടവും 360 ഡിഗ്രി കാമറകളും സി.സി.ടി.വികളും ഉപയോഗിച്ച് പൂർണമായി വിഡിയോയിൽ പകർത്തുമെന്നാണ് ട്രസ്റ്റി അവകാശപ്പെടുന്നത്. ഇതിനായി എട്ടംഗ നിരീക്ഷണ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജൂലൈ 25 മുതൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചികളിൽ നിന്ന് പണം ശേഖരിക്കുന്നത് മുതലുള്ള ഓരോ ഘട്ടവും വിഡിയോയിൽ പകർത്തുന്നുണ്ടെന്ന് ട്രസ്റ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കാണിക്കവഞ്ചി മാറ്റുന്നത് മുതൽ പണം എണ്ണുന്നത് വരെയുള്ള കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനായി 360 ഡിഗ്രി കാമറകളും എസ്.എൽ.ആർ കാമറകളുമാണ് ഉപയോഗിക്കുന്നത്. സംഭാവന നൽകുന്ന കാര്യങ്ങളിൽ എല്ലാ തലത്തിലും സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുകയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ക്ഷേത്രത്തിലെ 40ഓളം കാണിക്കവഞ്ചികൾ തുറക്കുന്ന രീതിയിലും ട്രസ്റ്റ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഒരേസമയം ഒന്നിലധികം പെട്ടികളാണ് തുറന്നിരുന്നതെങ്കിൽ, ഇപ്പോൾ കൂടുതൽ സൂക്ഷ്മ പരിശോധനയ്ക്കായി വ്യത്യസ്ത ദിവസങ്ങളിലായാണ് ഇവ തുറക്കുന്നത്. ഇതിനായി രണ്ട് പ്രൊഫഷണൽ വിഡിയോ കാമറാമാൻമാരെയും നിയമിച്ചിട്ടുണ്ട്. രണ്ട് ബാങ്ക് ഉദ്യോഗസ്ഥർ, രണ്ട് ട്രസ്റ്റ് പ്രതിനിധികൾ, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഓരോ നടപടിയും പൂർത്തിയാക്കുക.

കാണിക്കവഞ്ചി എണ്ണുന്ന മുറിയിലെത്തിക്കഴിഞ്ഞാൽ, പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ ഇത് ഔദ്യോഗികമായി സീൽ ചെയ്യും. രാം ക്ഷേത്രത്തിലുണ്ടായ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഈ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. കേസിൽ ഇതിനോടകം തന്നെ പൊലീസ് നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.

വിഡിയോ ചിത്രീകരണത്തിലൂടെ വിവിധ ഏജൻസികളുടെയും ബാങ്കിന്റെയും സാന്നിധ്യം എന്നിവ ഒരേസമയം ഉറപ്പാക്കുന്നത് വഴി ഏതെങ്കിലും തരത്തിലുള്ള തിരിമറികൾ ഒഴിവാക്കാനും പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പെട്ടെന്ന് ഓഡിറ്റ് നടത്തുന്നതിനും ഭക്തരുടെ ഭാഗത്തുനിന്നുള്ള പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനും ഈ പുതിയ സംവിധായക സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

എന്നാൽ മുൻപും ഇത്തരം ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉണ്ടായിരുന്നിട്ടും വൻതോതിൽ പണം കവർച്ച ചെയ്യപ്പെട്ടത് സംവിധാനത്തിലെ വലിയ സുരക്ഷാ പാളിച്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ പഴുതുകൾ അടക്കാൻ പുതിയ കാമറകൾക്ക് എത്രത്തോളം സാധിക്കുമെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നടപടികൾ കർശനമാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും, ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വഞ്ചിച്ച മുൻകാല സംഭവങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ട്രസ്റ്റ് നേതൃത്വത്തിന് പൂർണ്ണമായി ഒഴിയാൻ സാധിക്കില്ല.

വിവാദങ്ങളെ തുടർന്ന് ട്രസ്റ്റിൽ വലിയ തോതിലുള്ള ഭരണമാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ചമ്പത് റായ് ഉൾപ്പെടെയുള്ള ഉന്നത ഭാരവാഹികൾ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതും ഈ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ്. 'ഇനി രാം മന്ദിറുകളിൽ ഒരൊറ്റ പൈസ പോലും നഷ്ടപ്പെടില്ല' എന്ന് ട്രസ്റ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും, ദീർഘകാലമായി നിലനിന്ന ഗുരുതരമായ വീഴ്ചകളും സുരക്ഷാ പാളിച്ചകളും പൊതുജനങ്ങളിൽ ട്രസ്റ്റിന്റെ വിശ്വാസ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. അന്വേഷണങ്ങൾ പൂർത്തിയായാൽ മാത്രമേ കാണിക്ക കവർച്ചയുടെ മുഴുവൻ വ്യാപ്തിയും പുറത്തുവരൂ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donation ScamSIT ProbeRamTempleSecurity TightenedRam Mandir
News Summary - 360-ഡിഗ്രി കാമറകൾ| 8 അംഗ നിരീക്ഷണ സംഘം| വിഡിയോഗ്രാഫി| സുരക്ഷാ വീഴ്ചകൾക്ക് പിന്നാലെ രാമക്ഷേത്രത്തിൽ കർശന നിരീക്ഷണം
Next Story