
രണ്ട് കോടിയുടെ ഭൂമി 18.50 കോടി രൂപക്ക് വാങ്ങിയത് സ്ഥിരീകരിച്ച് രാമജന്മഭൂമി ട്രസ്റ്റ്
text_fieldsഅയോധ്യ: രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് നടന്നതായുള്ള ആരോപണത്തിൽ വിശദീകരണവുമായി ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. ഈ ഭൂമിയുമായി ബന്ധപ്പെട്ടുള്ള ഇടപാടിൽ ഒമ്പത് വ്യക്തികൾ പങ്കാളികളാണെന്നും കരാർ സുതാര്യമായ രീതിയിൽ പൂർത്തിയാക്കാൻ അവരുടെ സമ്മതത്തോടെ ചർച്ചകൾ നടത്തിയെന്നും ട്രസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക് വഴിയാണെന്നും ഇടപാടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞവർ സ്ഥാപിച്ച ട്രസ്റ്റ് ചൂണ്ടിക്കാട്ടി.
'ഭൂമി വാങ്ങാൻ ട്രസ്റ്റ് താൽപ്പര്യപ്പെട്ടു. എന്നാൽ, ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കാനായി മുമ്പത്തെ എല്ലാ കരാറുകളും ക്രമീകരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ ഒമ്പത് വ്യക്തികൾ ഇതിൽ പങ്കാളികളായിട്ടുണ്ട്. ഇതിൽ മൂന്നുപേർ മുസ്ലിംകളായിരുന്നു. ഒമ്പത് പേരെയും ബന്ധപ്പെട്ട് ചർച്ച നടത്തി. അവരുടെ സമ്മതം ലഭിച്ചതോടെ എല്ലാവരും മുൻ കരാറുകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഒത്തുചേർന്നു.
ഭൂമിയുടെ അന്തിമ ഉടമകളുമായുള്ള കരാർ സുതാര്യമായ രീതിയിലാണ് നടത്തിയത്. ക്ഷേത്രങ്ങളും ആശ്രമങ്ങളും ഉൾപ്പെടെ 3-4 പ്ലോട്ടുകൾ ഇതിനകം സ്വകാര്യ വ്യക്തികളിൽനിന്നും ട്രസ്റ്റ് വാങ്ങിയിട്ടുണ്ട്.
243, 244, 246 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്ത ഭൂമി മാർച്ച് 18ന് രവി മോഹൻ തിവാരിയും സുൽത്താൻ അൻസാരിയും ചേർന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയിരുന്നു. ഇവിടെ ഭൂമിയുടെ അടിസ്ഥാന വില 5.8 കോടി രൂപയാണ്.
തിവാരിയും അൻസാരിയും അതേദിവസം തന്നെ രാം ജന്മഭൂമി ട്രസ്റ്റിന് ഈ ഭൂമി വിൽക്കാൻ ധാരണയിലെത്തി. 18.50 കോടി രൂപക്കാണ് ഇത് വാങ്ങിയത്. അതിൽ 17 കോടി രൂപ ബാങ്ക് വഴി നൽകുകയും ചെയ്തു. ഈ ഭൂമി സുപ്രധാനമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ വാങ്ങിയ വില അയോദ്ധ്യയിലെ യഥാർത്ഥ വിപണി നിരക്കിനേക്കാൾ വളരെ കുറവാണ്' -ക്ഷേത്ര ട്രസ്റ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് ആരോപിച്ച് ഉത്തർ പ്രദേശിലെ പ്രതിപക്ഷ പാർട്ടികളാണ് കഴിഞ്ഞദിവസം രംഗത്ത് വന്നത്. മാർച്ച് 18ന് ഒരു വ്യക്തിയിൽനിന്ന് 1.208 ഹെക്ടർ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ രണ്ട് റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർ മിനിറ്റുകൾ കഴിഞ്ഞ് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് വിൽക്കുന്നത് 18.5 കോടിക്കാണ്.
രണ്ട് ഇടപാടുകൾക്കിടയിൽ 10 മിനിറ്റിൽ താഴെ സമയവ്യത്യാസം മാത്രം. ഇത്രയും സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേക ഇരട്ടികളായി വർധിച്ചതെന്ന് വിശദീകരിക്കണമെന്നായിരുന്നു മുൻ മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ ആവശ്യപ്പെട്ടത്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബാബ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർക്ക് വിൽപന നടത്തിയത്. ഇവരിൽനിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. രണ്ട് ഇടപാടുകളിലും അയോധ്യ മേയർ ഋഷികേഷ് ഉപാധ്യായയും രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുമാണ് സാക്ഷികൾ.
2020 ഫെബ്രുവരിയിലാണ് മോദി സർക്കാർ രാമക്ഷേത്ര നിർമാണത്തിനായി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര എന്ന പേരിൽ ട്രസ്റ്റ് രൂപവത്കരിക്കുന്നത്. ക്ഷേത്ര നിർമാണത്തിന്‍റെ മേൽനോട്ടമാണ് ചുമതല. ഉത്തരവു പ്രകാരം 70 ഏക്കർ ഭൂമി ക്ഷേത്രത്തിനായി അനുവദിച്ചിട്ടുണ്ട്. 15 അംഗ സമിതിയിൽ 12 പേരും കേന്ദ്രം നാമനിർദേശം നടത്തുന്നവരാണ്. ക്ഷേത്രത്തിനായി നീക്കിവെച്ച ഭൂമിയോടു ചേർന്നുള്ള ഭൂമിയിലാണ് ഇടപാട് നടന്നത്.