ബി.എസ്.പി ഇനി വട്ടപ്പൂജ്യം; മൂന്ന് സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിൽ വോട്ടെടുപ്പ് ഒക്ടോബർ 16ന്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 16 ന് നടക്കും. ഉത്തർപ്രദേശിലെ 10 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലും പശ്ചിമ ബംഗാളിലും ഓരോ സീറ്റിലുമാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ നീക്കങ്ങളും സ്ഥാനാർഥി ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാജ്യസഭയിൽ ബി.ജെ.പിയുടെ മൊത്തം അംഗസംഖ്യയിൽ ഒരു സീറ്റിന്റെ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ ബി.ജെ.പിക്ക് 115 സീറ്റും എൻ.ഡി.എക്ക് 151 സീറ്റുമാണുള്ളത്.
അതേസമയം, ഈ രാജ്യസഭ തെരഞ്ഞെടുപ്പോടെ മായാവതിയുടെ ബി.എസ്.പി (ബഹുജൻ സമാജ് പാർട്ടി) ഒരുസഭയിലും പ്രാതിനിധ്യമില്ലാത്ത കക്ഷിയായി മാറും. മായാവതിയുടെ പാർട്ടിക്ക് ലോക്‌സഭയിൽ അംഗങ്ങളൊന്നുമില്ല. ഏക രാജ്യസഭാംഗമായ രാംജി ഗൗതമിന്റെ കാലാവധിയാണ് നവംബറിൽ അവസാനിക്കുന്നത്. ഉത്തർപ്രദേശ് നിയമസഭയിലാകട്ടെ, ഏക എം.എൽ.എയായിരുന്ന ഉമാശങ്കർ സിങ് കഴിഞ്ഞമാസം അന്തരിച്ചു. യു.പിയിലെ ബാലിയ ജില്ലയിലെ റസാറ നിയോജക മണ്ഡലത്തിൽ നിന്നാണ് ഉമാശങ്കർ തെരഞ്ഞെടക്കപ്പെട്ടത്. ഇവിടെ ഇനി ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാൽ മാത്രമേ ഇനി ബി.എസ്.പി ജനപ്രതിനിധിക്ക് സാധ്യതയുള്ളൂ.
ഉത്തർപ്രദേശ് നിയമസഭയിൽ നിലവിലെ കക്ഷിനിലയനുസരിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം, കൈവശമുള്ള എട്ട് സീറ്റുകൾ നിലനിർത്താനാണ് സാധ്യത. അതേസമയം സമാജ്‌വാദി പാർട്ടിയുടെ (എസ്.പി) അംഗസംഖ്യ രണ്ടായി ഉയർന്നേക്കും. ഒഴിവ് വരുന്ന പത്ത് സീറ്റുകളിൽ ബി.ജെ.പിക്ക് എട്ടും, എസ്.പിക്കും ബി.എസ്.പിക്കും ഓരോ സീറ്റുമുണ്ട്.
നിയമസഭയിലെ അംഗസംഖ്യ കണക്കിലെടുക്കുമ്പോൾ ഒരു സീറ്റിലേക്ക് 37 വോട്ടുകൾ ആവശ്യമാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് 294 എം.എൽ.എമാരുണ്ട്. രഘുരാജ് പ്രതാപ് സിങ് എന്ന രാജാ ഭയ്യയുടെ പാർട്ടിയുടെ രണ്ട് എം.എൽ.എമാരുടെ പിന്തുണയും അവർക്കുണ്ട്. അതിനാൽ എട്ട് സീറ്റുകൾക്കായുള്ള വോട്ട് തികക്കാൻ എൻ.ഡി.എക്ക് കഴിയും. എസ്.പിയുടെ കൈവശവും രണ്ട് സീറ്റുകളിൽ, അവർക്ക് ആവശ്യമായ എം.എൽ.എമാരുണ്ട്. ഫലത്തിൽ ബി.എസ്.പിക്ക്, കൈവശമുള്ള ഒരുസീറ്റ് നഷ്ടപ്പെടും.
പശ്ചിമ ബംഗാളിലെ ഏക സീറ്റ് ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് പോകാനാണ് സാധ്യത. നടി രുഗ്മിണി മല്ലിന്റെ രാജിയെത്തുടർന്നാണ് ഈ സീറ്റ് ഒഴിവ് വന്നത്. കൊയൽ എന്നറിയപ്പെടുന്ന രുഗ്മിണിയെ തൃണമൂൽ കോൺഗ്രസാണ് രാജ്യസഭയിലേക്ക് അയച്ചത്. എന്നാൽ, ബംഗാളിൽ പാർട്ടി അധികാരത്തിൽ നിന്ന് പുറത്തായതിനെ തുടർന്ന് രുഗ്മിണി രാജ്യസഭയിൽ നിന്ന് രാജിവെക്കുകയായിരുന്നു.
ഉത്തരാഖണ്ഡിലെ ഒരു സീറ്റിലേക്ക്, ബി.ജെ.പിയുടെ നരേഷ് ബൻസാലിന്റെ കാലാവധി പൂർത്തിയാകുന്നതുമൂലമാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭൂരിപക്ഷ സർക്കാരുള്ളതിനാൽ ഈ സീറ്റ് അവർക്ക് തന്നെ ലഭിക്കും.
യു.പിയിൽ കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, ബി.എൽ. വർമ, ഉത്തർപ്രദേശ് മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമ, മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് റാം ഗോപാൽ യാദവ് എന്നിവരാണ് കാലാവധി പൂർത്തിയാകുന്ന രാജ്യസഭ എം.പിമാർ.
തെരഞ്ഞെടുപ്പിന് സെപ്റ്റംബർ 29 ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ ആറ് ആണ്. ഏഴിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ഒക്ടോബർ ഒമ്പത് വരെ പത്രിക പിൻവലിക്കാം. ഒക്ടോബർ 16 നാണ് വോട്ടെടുപ്പ്. അന്ന് തന്നെ വോട്ടെണ്ണലും നടക്കും.
ഇതോടൊപ്പം ബിഹാർ, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാജ്വേറ്റ്, ടീച്ചേഴ്സ് മണ്ഡലങ്ങളിലേക്കുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ (നിയമസഭ കൗൺസിൽ) തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂളും തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

