'നാളെ എം.പി സ്ഥാനം രാജിവെക്കും'; രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിജയസായി റെഡ്ഡി
text_fieldsവിജയസായി റെഡ്ഡി
ഹൈദരാബാദ്: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രാജ്യസഭാ എം.പിയും വൈ.എസ്.ആർ കോൺഗ്രസ് നേതാവുമായ വി. വിജയസായി റെഡ്ഡി. വിരമിക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്നും സമ്മർദമോ നിർബന്ധമോ സ്വാധീനമോ കൂടാതെയാണെന്നും വിജയസായി റെഡ്ഡി വ്യക്തമാക്കി.
ശനിയാഴ്ച രാജ്യസഭയിൽ നിന്ന് രാജിവെക്കുമെന്ന് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ ഫ്ലോർ ലീഡറായ വിജയസായി റെഡ്ഡി അറിയിച്ചു. മറ്റൊരു പാർട്ടിയിലും ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് പതിറ്റാണ്ടുകളായി മൂന്ന് തലമുറകളായി എനിക്ക് പിന്തുണ നൽകിയ വൈ.എസ് കുടുംബത്തോട് എന്നും കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
"പാർലമെൻ്ററി പാർട്ടി നേതാവ്, രാജ്യസഭയിലെ ഫ്‌ളോർ ലീഡർ, വൈ.എസ്.ആർ.സി.പി ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പാർട്ടിയുടെയും സംസ്ഥാനത്തിൻ്റെയും നേട്ടത്തിനായി ആത്മാർഥതയോടെയും വിട്ടുവീഴ്‌ചയില്ലാതെയും അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ സൗഹാർദ്ദപരമായ ബന്ധം നിലനിർത്തുന്നതിനും സംസ്ഥാനത്തിന് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുമുള്ള ഒരു പാലമായി പ്രവർത്തിച്ചിട്ടുണ്ട്" -വിജയസായി റെഡ്ഡി പറഞ്ഞു.
വർഷങ്ങളോളം നീണ്ട തന്‍റെ രാഷ്ട്രീയ യാത്രയിലുടനീളം പിന്തുണച്ച ആന്ധ്രാപ്രദേശിലെ ജനങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും വൈ.എസ്.ആർ.സി.പി പ്രവർത്തകരോടും മറ്റുള്ളവരോടുമുള്ള നന്ദി അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

