സർവക്ഷിയോഗവും പാർലമെന്റ് സമ്മേളനവും വിളിക്കണം; മോദിയുണ്ടെങ്കിലേ യോഗത്തിൽ പാർട്ടികൾ പങ്കെടുക്കാവൂ -കപിൽ സിബൽ
text_fieldsന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും സൈനിക നടപടികൾ നിർത്തിവെക്കാൻ സമ്മതിച്ചതിന്റെ പശ്ചാത്തലത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നും എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നതുവരെ രാഷ്ട്രീയ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കരുതെന്നും രാജ്യസഭാ എം.പി കപിൽ സിബൽ. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും സിബൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൻമോഹൻ സിങ് ആണ് ഇന്ന് പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹം സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുമായിരുന്നുവെന്നും സിബൽ ഊന്നിപ്പറഞ്ഞു.
സൈനിക പോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ സമൂഹ മാധ്യമ പോസ്റ്റിനെ പരാമർശിച്ചുകൊണ്ടും കപിൽ സംസാരിച്ചു. കഴിഞ്ഞ 48 മണിക്കൂറായി ചർച്ചകൾ നടന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. അപ്പോൾ എന്താണ് സംഭവിച്ചത്? എന്തുകൊണ്ട് ഇതുസംബന്ധിച്ച് ഒരു വിവരവും ഞങ്ങൾക്ക് നൽകിയില്ല. ഇരു പക്ഷവും നിഷ്പക്ഷമായ ഒരു സ്ഥലത്ത് ഒരു കൂടിക്കാഴ്ച നടക്കുമെന്നും അവർ പറയുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും എൻ.എസ്.എ അജിത് ഡോവലുമായി സംസാരിച്ചുവെന്നും സിബൽ പറഞ്ഞു.
ഇപ്പോൾ വിമർശനമൊന്നും ഉന്നയിക്കുന്നില്ല. കാരണം ഇത് വിമർശനത്തിനുള്ള സമയമല്ല. ഒരു പ്രത്യേക പാർലമെന്റ് സമ്മേളനവും ഒരു സർവകക്ഷി യോഗവും വിളിക്കുക എന്നതു മാത്രമാണ് ഞങ്ങളുടെ ആവശ്യം. പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നതുവരെ എല്ലാ രാഷ്ട്രീയ പാർട്ടികളും യോഗത്തിൽ പങ്കെടുക്കരുതെന്നും ഞാൻ അഭ്യർത്ഥിക്കുന്നു -സിബൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്താണ് സംഭവിച്ചതെന്ന് അറിയാൻ എം.പിമാർക്ക് മൺസൂൺ സമ്മേളനം വരെ കാത്തിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കാതിരുന്നത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും സിബൽ പറഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പാണ് കൂടുതൽ പ്രധാനമെന്ന് മോദി കരുതിയിരിക്കാം. അദ്ദേഹം ബോളിവുഡിലേക്കും കേരളത്തിലേക്കും പോയി. മണിപ്പൂരിൽ എന്ത് സംഭവിച്ചാലും അത്തരമൊന്ന് നടക്കില്ലെന്നും സിബൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

