മധ്യപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി; രാജ്യസഭ സ്ഥാനാർഥി മീനാക്ഷി നടരാജന്‍റെ പത്രിക തള്ളി
text_fieldsഭോപ്പാൽ: മധ്യപ്രദേശ് രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടി സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി.സത്യവാങ്മൂലത്തിൽ ഒരു കേസിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ചാണ് പത്രിക തള്ളിയത്.
തെലങ്കാനയിൽ ഫയൽ ചെയ്ത കേസിനെക്കുറിച്ചുള്ള വിവരങ്ങൾ മനഃപൂർവം മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സ്ഥാനാർഥി മഹേഷ് കെവാട്ട് റിട്ടേണിങ് ഓഫിസർക്ക് നൽകിയ പരാതിയിലാണ് നടപടി. തെലങ്കാന കോടതിയിൽ ക്രിമിനൽ കേസ് നിലവിലുണ്ടെന്ന കാര്യം സത്യവാങ്മൂലത്തിൽ ഇല്ലെന്ന് മഹേഷിന്റെ അഭിഭാഷകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിവരം മനഃപൂർവം മറച്ചുവെച്ചെന്നാണ് ആക്ഷേപം. നാമനിർദേശത്തിൽ മറ്റ് പോരായ്മകളും കണ്ടെത്തിയതായി അഭിഭാഷകൻ അവകാശപ്പെട്ടു.
നടരാജനെതിരെ ഒരു കേസും ഇല്ലെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ഇത്തരം കേസുകൾ കൊണ്ടുവരികയാണെന്നും കോൺഗ്രസിന്റെ മധ്യപ്രദേശ് ചുമതലയുള്ള ഹരീഷ് ചൗധരി പറഞ്ഞു. നടരാജന് കോടതിയിൽനിന്ന് കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചത് സത്യവാങ്മൂലത്തിൽ പരാമർശിക്കേണ്ടതില്ല. സാങ്കേതികമായി, പത്രിക നിരസിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ രണ്ട് സീറ്റുകൾ ബി.ജെ.പി ഉറപ്പിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ മൂന്നാമത്തെ സീറ്റ് കടുത്ത രാഷ്ട്രീയ മത്സരത്തിന് തിരികൊളുത്തിയിരുന്നു. മീനാക്ഷി നടരാജൻ അയോഗ്യയായതോടെ ഇനി മത്സരരംഗത്തേക്ക് ആരും വന്നില്ലെങ്കിൽ മൂന്ന് സീറ്റുകളും ബി.ജെ.പിക്ക് സ്വന്തമാകും.
ജൂൺ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ക്രോസ് വോട്ടിങ് നടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരുവിലെ റിസോട്ടിലേക്ക് മാറ്റിയിരുന്നു. ഇത് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ കോൺഗ്രസിന് തിരിച്ചടിയാണ് ഉണ്ടാക്കിയത്, മാത്രമല്ല ബി.ജെ.പിയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

