ബി.ജെ.പി സ്ഥാനാർഥിയെ മാറ്റിയില്ലെങ്കിൽ സ്വയം തീക്കൊളുത്തുമെന്ന് രജ്പുത് വനിത നേതാവ്; മാപ്പോടു മാപ്പുമായി ബി.ജെ.പി
text_fieldsഅഹ്മദാബാദ്: സ്ഥാനാർഥിയുടെ വിവാദ പരാമർശത്തിൽ പുലിവാല് പിടിച്ച് ബി.ജെ.പി. ഗുജറാത്തിലെ രാജ്കോട്ട് ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പർശോത്തം രൂപാലയെ മാറ്റണമെന്നാവശ്യപ്പെട്ട് രജ്പുത് സമുദായം പ്രക്ഷോഭത്തിലിറങ്ങിയതാണ് പാർട്ടിയെ വലക്കുന്നത്. പാർട്ടി പലവട്ടം മാപ്പുപറഞ്ഞെങ്കിലും സ്ഥാനാർഥിയെ മാറ്റാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നാണ് സമുദായാഗങ്ങൾ പറയുന്നത്.
രൂപാലക്കെതിരെ രജ്പുത് വനിതാ നേതാവ് പദ്മിനിബ വാല അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ക്ഷത്രിയ സമുദായത്തിനെതിരായ അദ്ദേഹത്തിെന്റ പരാമർശം വിവാദമായതോടെയാണ് എതിർപ്പുയർന്നത്. ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള വിദേശ ഭരണാധികാരികൾക്കെതിരെ ദലിത് സമൂഹം അടിയുറച്ച് നിന്നപ്പോൾ ‘മഹാരാജാക്കൻമാർ’ കീഴടങ്ങിയെന്നും മക്കളെ അവർക്ക് വിവാഹംചെയ്ത് നൽകിയെന്നും പർശോത്തം രൂപാല പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്. മാർച്ച് 22ന് നടന്ന സമ്മേളനത്തിലായിരുന്നു പരാമർശം.
ഇതിനെതിരെ രജ്പുത്, ക്ഷത്രിയ സമുദായങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സ്ഥാനാർഥിയെ മാറ്റുന്നില്ലെങ്കിൽ രജ്പുത് സ്ത്രീകൾ സ്വയം തീകൊളുത്തുമെന്ന് പദ്മിനിബ വാല പറഞ്ഞു. സമുദായത്തിെന്റ ഉടമസ്ഥതയിലുള്ള ട്രസ്റ്റ് പരിസരത്താണ് പദ്മിനിബ സമരം നടത്തുന്നത്.
ചർച്ച അലസിപ്പിരിഞ്ഞു
പ്രശ്നം പരിഹരിക്കാൻ രജപുത്ര സമുദായ പ്രതിനിധികളും ബി.ജെ.പിയും തമ്മിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വിവിധ രജ്പുത് സമുദായ സംഘടനകളുടെ പ്രതിനിധികളും ബിജെപി പ്രതിനിധികളും ഇന്നലെയാണ് അഹമ്മദാബാദിൽ യോഗം ചേർന്നത്. “പർശോത്തം രൂപാലയെ മത്സരത്തിൽനിന്ന് പിൻവലിക്കണമെന്ന ആവശ്യത്തിൽ സംഘടനകൾ ഉറച്ചുനിൽക്കുന്നതായി ചർച്ചയിൽ പങ്കെടുത്ത ബിജെപി നേതാവും രജപുത്രാംഗവുമായ ഭൂപേന്ദ്രസിങ് ചുദാസമ പറഞ്ഞു.
രണ്ടു തവണ മാപ്പ് പറഞ്ഞ് രൂപാല
തന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം കനത്തതതോടെ പർശോത്തം രൂപാല രണ്ടുതവണ മാപ്പ് ചോദിച്ച് രംഗത്തെത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സി.ആർ പാട്ടീലും ക്ഷത്രിയ സമുദായത്തോട് മാപ്പ് അഭ്യർത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്. മുഗളന്മാർക്കും മറ്റുള്ളവർക്കും എതിരെ പോരാടുകയും ത്യാഗം സഹിക്കുകയും ചെയ്ത രജപുത്രരെ കുറിച്ച് ഇത്തരം വാക്കുകൾ പറയുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ കഴിയില്ലെന്ന് പ്രമുഖ രജപുത്ര നേതാവും ഗുജറാത്ത് ബി.ജെ.പി മുൻ അധ്യക്ഷനുമായ രാജേന്ദ്രസിങ് റാണ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.