വസുധൈവ കുടുംബകം എന്ന ആശയത്തിൽ വിശ്വസിക്കുന്നു, മതത്തിന്റെ അടിസ്ഥാനത്തിൽ ആരെയും കൊല്ലില്ല; രാജ്നാഥ് സിങ്
text_fieldsരാജ്നാഥ് സിങ്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ മതവും പേരും ചോദിച്ചാണ് ഭീകരർ ആളുകളെ കൊലപ്പെടുത്തിയതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എന്നാൽ നമ്മുടെ സൈനികർ ഒരിക്കലും ഭീകരരെ കൊലപ്പെടുത്തിയത് അവരുടെ മതം നോക്കിയല്ല, മറിച്ച് പ്രവൃത്തി കണക്കിലെടുത്താണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന പരിപാടിയിൽ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. വസുധൈവ കുടുംബകം(ലോകമേ തറവാട്) എന്ന സങ്കൽപത്തിലാണ് ഇന്ത്യ അടിയുറച്ചുവിശ്വസിക്കുന്നത്. ഒരാളെ പോലും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വേർതിരിക്കുന്ന സമീപനം ഇവിടെയില്ലെന്നും പ്രതിരോധമന്ത്രി ആവർത്തിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂറിലൂടെ നമ്മുടെ സൈനികർ മറുപടി നൽകി. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓപറേഷൻ സിന്ദൂർ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. മൂന്നു മുതൽ 12വരെയുള്ള ക്ലാസുകളിൽ ഇത് പാഠ്യവിഷയമാക്കാനാണ് തീരുമാനിച്ചത്. അതിനായി പ്രത്യേക ക്ലാസ്റൂം മൊഡ്യൂളുകൾ തയാറാക്കുകയാണെന്നും എൻ.സി.ഇ.ആർ.ടി വൃത്തങ്ങൾ അറിയിച്ചിരുന്നു.
പഹൽഗാം താഴ്വരയിൽ ഭർത്താക്കൻമാരെ നഷ്ടമായ ഭാര്യമാർക്കുള്ള ആദരമായാണ് സൈനിക നീക്കത്തിന് ഓപറേഷൻ സിന്ദൂർ എന്ന പേര് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൈനിക നടപടിക്ക് ഓപറേഷൻ സിന്ദൂർ എന്ന പേര് നിർദേശിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

