പാകിസ്താനെതിരെ ബ്രഹ്മോസ് പ്രയോഗിച്ചു; ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിൽ പാകിസ്താനെതിരെ ബ്രഹ്മോസ് മിസൈൽ പ്രയോഗിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്ഥിരീകരിച്ചു. ബ്രഹ്മോസ് മിസൈലുകളുടെ ശക്തിക്കു മുന്നിൽ പാകിസ്താൻ തലകുനിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ ഭുജ് വ്യോമസേന താവളത്തിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. ഇപ്പോഴത്തേത് ‘ട്രെയിലർ’ മാത്രമാണ്. ശരിയായ സമയം വരുമ്പോൾ ‘മുഴുവൻ സിനിമയും’ ലോകത്തിനു മുന്നിൽ കാണിക്കും. 23 മിനിറ്റിനകം പാക് താവളങ്ങൾ നശിപ്പിച്ച വ്യോമസേനയെ അഭിനന്ദിക്കുന്നു. ഭീകരവാദം വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നുമുള്ള വ്യക്തമായ സന്ദേശമാണ് സേന നൽകിയത്. പാക് മണ്ണിലെ ഒമ്പത് ഭീകര താവളങ്ങൾ ഇന്ത്യൻ സൈന്യം എങ്ങനെ നശിപ്പിച്ചുവെന്ന് ലോകം കണ്ടതാണ്.
‘പകൽ നക്ഷത്രമെണ്ണുക’ എന്നൊരു ചൊല്ലുണ്ട്. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ അർധരാത്രിയിൽ പാകിസ്താന് പകൽവെട്ടം കാണിച്ചുകൊടുത്തു. പാകിസ്താൻ ഇന്ത്യൻ നിരീക്ഷണത്തിലാണ്. പെരുമാറ്റം മെച്ചപ്പെട്ടാൽ അവർക്ക് നന്ന്. അല്ലെങ്കിൽ മുഴുവൻ ചിത്രവും ലോകത്തെ കാണിക്കും. അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് ലഭിക്കുന്ന ഫണ്ടിന്റെ വലിയൊരു ഭാഗം പാകിസ്താൻ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നെന്നാണ് കരുതുന്നത്. ധനസഹായം സംബന്ധിച്ച് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) പുനർവിചിന്തനം നടത്തണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്’’-രാജ്നാഥ് സിങ് പറഞ്ഞു.
സിന്ധു നദീജല കരാർ: നടപടി പുനഃപരിശോധന ഇല്ല- മന്ത്രാലയം
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്താൻ പിന്തുണ അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല കരാർ നിർത്തിയ നടപടി തുടരുമെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം കാബിനറ്റ് സെക്രട്ടറിയെ അറിയിച്ചു.
ജലവിഭവ, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് സെക്രട്ടറി ദേബശ്രീ മുഖർജി ചൊവ്വാഴ്ച കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന് നൽകിയ പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പഹൽഗാമിൽ സാധാരണക്കാർക്കെതിരെ പാക് പിന്തുണയോടെ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് കരാർ ഉടനടി നിർത്തിവെക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. അതേസമയം, ഇന്ത്യ ഉന്നയിച്ച എതിർപ്പുകൾ ചർച്ച ചെയ്യാൻ പാക് സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചതായി പാകിസ്താൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.