മിസൈൽ നിർമാണവും സ്വകാര്യ മേഖലക്ക്, ഡി.ആർ.ഡി.ഒ വികസിപ്പിച്ച സാങ്കേതിക വിദ്യ കൈമാറും; പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി
text_fieldsന്യൂഡൽഹി: സുരക്ഷ ആശങ്കകൾക്കിടെ രാജ്യത്ത് മിസൈലുകളുടെ നിർമാണം സ്വകാര്യ മേഖലക്ക് കൈമാറാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ നിർണായക തീരുമാനം. ഇതിനായി പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ചെടുത്ത എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ആഭ്യന്തര പ്രതിരോധ കമ്പനികൾക്ക് കൈമാറാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അംഗീകാരം നൽകി. പ്രതിരോധ നിർമാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര മിസൈൽ നിർമാണം വേഗത്തിലാക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുക, പ്രതിരോധ വിതരണ ശൃംഖലയിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ആവശ്യമായ യോഗ്യതകൾക്കും സർട്ടിഫിക്കേഷനുകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി, യോഗ്യതയുള്ള ഇന്ത്യൻ കമ്പനികൾക്ക് ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത പരമ്പരാഗത മിസൈലുകൾ നിർമിക്കാൻ തീരുമാനം വഴിയൊരുക്കും.
ബഹിരാകാശ മേഖലയിൽ കേന്ദ്ര സർക്കാർ സ്വകാര്യവത്കരണ നീക്കം സജീവമാക്കിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് മിസൈലുകളുടെ നിർമാണവും സ്വകാര്യ മേഖലക്ക് കൈമാറുന്നത്. പ്രതിരോധ രംഗത്ത് സർക്കാറിന്റെ 'ആത്മനിർഭർ ഭാരത്' പ്രോത്സാഹനത്തിന്റെ ഭാഗമായുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നാണ് കേന്ദ്ര സർക്കാറിന്‍റെ ന്യായം. വ്യാവസായിക തോതിലുള്ള മിസൈൽ ഉൽപാദനത്തിന് തീരുമാനം സഹായിക്കുമെന്നും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനും നമ്മുടെ രാജ്യത്തിന്റെ വ്യവസായ ശേഷികളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള സർക്കാറിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ തീരുമാനമെന്ന് പ്രതിരോധ മന്ത്രി ‘എക്‌സ്’ പോസ്റ്റിൽ വിശദീകരിച്ചു.
ചൈനയുമായുള്ള സഹകരണത്തിലൂടെ പാകിസ്താന്റെ ബഹിരാകാശ ശേഷി വേഗത്തിൽ വികസിക്കുന്നതായി സെന്റർ ഫോർ എയ്റോസ്പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ (സി.എ.പി.എസ്.എസ്) ജൂലൈ മാസത്തെ വിശകലനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ, വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ മിസൈൽ ഉൽപാദനം ഇന്ത്യക്കുള്ളിൽ വൻതോതിൽ വർധിപ്പിക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷക്ക് അത്യന്താപേക്ഷിതമായി മാറിയിരുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യ കൈമാറ്റ സംരംഭം ഇന്ത്യയുടെ പ്രതിരോധ നിർമാണ മേഖലയുടെ വളർച്ചക്ക് സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള വിശാലമായ നടപടികളുടെ ഭാഗമാണ് ഈ നീക്കം. ആഭ്യന്തര പ്രതിരോധ ഉൽപാദനം കൂടുതൽ വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ സാമ്പത്തിക വർഷത്തിൽ 1.75 ലക്ഷം കോടി രൂപയും 2029ഓടെ മൂന്നു ലക്ഷം കോടി രൂപയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

