ലഖ്നോ ഏറ്റുമുട്ടല്‍: ഭീകരന്‍െറ പിതാവിന് ആഭ്യന്തരമന്ത്രിയുടെ പ്രശംസ
text_fieldsന്യൂഡല്‍ഹി: ലഖ്നോവിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈഫുല്ലയുടെ മൃതദേഹം വേണ്ടെന്ന് പറഞ്ഞ പിതാവ് സര്‍താജ് മുഹമ്മദിന് ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥിന്‍െറ പ്രശംസ. അതേസമയം, തന്‍െറ മകനെക്കുറിച്ച് ഭീകരവിരുദ്ധ സ്ക്വാഡ് പറഞ്ഞത് വിശ്വസിക്കുന്നില്ളെന്നും മരണത്തില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്നും പിതാവ് ആരോപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിട്ടും സൈഫുല്ല കീഴടങ്ങാന്‍ തയാറായില്ളെന്നും എ.ടി.എസിനുനേരെ വെടിവെച്ചുവെന്നും അതുകൊണ്ടാണ് വെടിവെച്ചുകൊന്നതെന്നും രാജ്നാഥ് പറഞ്ഞു. അവന്‍െറ മൃതദേഹം വേണ്ടെന്നുപറഞ്ഞ പിതാവിനൊപ്പമാണ് സര്‍ക്കാറെന്നും സഭ മുഴുവന്‍ തന്നോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും രാജ്നാഥ് പറഞ്ഞു.
എന്നാല്‍, രാജ്നാഥിന്‍െറ പ്രസ്താവനക്ക് ശേഷം ഇതേക്കുറിച്ച് അഭിപ്രായ പ്രകടനത്തിന് തയാറാകാതിരുന്ന പ്രതിപക്ഷ അംഗങ്ങള്‍ മന്ത്രി ഇരുന്നയുടന്‍ അമേരിക്കയില്‍ ഇന്ത്യക്കാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നതില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്ന വിഷയവുമായിട്ടാണ് എഴുന്നേറ്റത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു. അതേസമയം, മകനെക്കുറിച്ച് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് പറയുന്ന വിവരങ്ങള്‍ വിശ്വസിക്കാന്‍ വയ്യെന്നും അതിനാല്‍, മൃതദേഹം ഏറ്റെടുക്കുന്നില്ളെന്നും സൈഫുല്ലയുടെ പിതാവ് സര്‍താജ് മുഹമ്മദ് പറഞ്ഞു. മകന്‍െറ കൊലപാതകത്തില്‍ കള്ളക്കളി നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. രണ്ടര മാസം മുമ്പ് ജോലിക്ക് പോകാത്തതിന് താന്‍ അടിച്ചതില്‍ ദ്വേഷ്യപ്പെട്ട് വീടുവിട്ടിറങ്ങിയതായിരുന്നു അവന്‍. കഴിഞ്ഞ തിങ്കളാഴ്ച അവനെന്നെ വിളിച്ചു സൗദിയിലേക്ക് പോകുകയാണെന്നാണ് പറഞ്ഞത്. അതിനാല്‍ പൊലീസ് പറയുന്നത് വിശ്വസിക്കാനാവില്ല. അവയെല്ലാം തെറ്റാണ്. നന്നായി പെരുമാറിയിരുന്ന വ്യക്തിയായിരുന്നു മകന്‍. അഞ്ച് സമയവും നമസ്കരിച്ചിരുന്നു.
ഇത്തരമൊരു വിധി ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ളെന്നും പിതാവ് പറഞ്ഞു. എന്നാല്‍, രാജ്നാഥിന്‍െറ പാര്‍ലമെന്‍റിലെ പ്രസ്താവനക്ക് പ്രതികരണമായി തന്നെ പോലുള്ള സാധാരണക്കാര്‍ക്കാണ് മന്ത്രിമാര്‍ ഈ ആദരം നല്‍കുന്നതെന്നും ഈ സന്ദേശം രാജ്യത്തിന് മൊത്തമായുള്ളതാണെന്നും സര്‍താജ് മുഹമ്മദ് പറഞ്ഞതായി പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ അവസാന ഘട്ട വോട്ടെടുപ്പ് ധ്രുവീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നാടകമാണ് ലഖ്നോവിലേതെന്ന് ഭീകരക്കേസുകളില്‍ കുടുങ്ങിയ നിരപരാധികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ലഖ്നോയിലെ രിഹായ് മഞ്ച് ആരോപിച്ചു. ബി.ജെ.പിയെ ജയിപ്പിക്കാന്‍ ഇത്തരം സംഭവങ്ങളുണ്ടാകുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പെ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണെന്ന് രിഹായ് മഞ്ച് ജനറല്‍ സെക്രട്ടറി രാജീവ് യാദവ് പറഞ്ഞു. ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന സംഭാലില്‍ ഇത്തരത്തിലുള്ള ശ്രമം നടന്നുവെങ്കിലും ജാട്ടുകള്‍ ആ പദ്ധതി തകര്‍ത്തുവെന്നും രാജീവ് യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
