'രാജ്നാഥ് മാമ്പഴം'; പ്രതിരോധ മന്ത്രിക്ക് മാമ്പഴ മനുഷ്യന്റെ ആദരം
text_fieldsലഖ്‌നോ: പുതുതായി വികസിപ്പിച്ചെടുത്ത മാമ്പഴ ഇനത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പേര് നൽകി ഇന്ത്യയുടെ മാമ്പഴ മനുഷ്യൻ കലീമുള്ള ഖാൻ. മലിഹാബാദിലെ തൻ്റെ തോട്ടത്തിൽ സ്വന്തം സിഗ്നേച്ചർ ഗ്രാഫ്റ്റിങ് ടെക്നിക് ഉപയോഗിച്ച് വളർത്തിയ പുതിയ ഇനത്തിനാണ് 'രാജ്നാഥ്' എന്ന് പേരിട്ടത്. സചിൻ ടെണ്ടുൽക്കർ, ഐശ്വര്യ റായ്, അഖിലേഷ് യാദവ്, സോണിയ ഗാന്ധി, നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങി നിരവധി പ്രമുഖ ഇന്ത്യൻ വ്യക്തികളുടെ പേരുകൾ മുമ്പും മാമ്പഴ ഇനങ്ങൾക്ക് ഖാൻ നൽകിയിട്ടുണ്ട്. പൂന്തോട്ടപരിപാലനത്തിനും പഴവർഗങ്ങളുടെ പ്രജനനത്തിനുമുള്ള അതുല്യമായ സംഭാവനകൾക്കും സമർപ്പണത്തിനും രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
'രാജ്യത്തിന് അർത്ഥവത്തായ സേവനം ചെയ്ത ആളുകളുടെ പേരുകളാണ് എൻ്റെ മാമ്പഴങ്ങൾക്ക് നൽകുന്നത്. ഈ പേരുകൾ തലമുറകളോളം നിലനിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.' ഖാൻ പറഞ്ഞു. 'ചിലപ്പോൾ ആളുകൾ മഹാന്മാരായ നേതാക്കളെ മറക്കും. പക്ഷേ ഒരു മാമ്പഴം അവരെ രാജ്നാഥ് സിങ്ങിൻ്റെ നല്ല പ്രവർത്തനങ്ങളെ ഓർമിപ്പിച്ചാൽ അത് വിലമതിക്കുന്നതാവും. അദ്ദേഹം ചിന്താശേഷിയുള്ളയാളാണ്. പാകിസ്താനെക്കുറിച്ച് അടുത്തിടെ നടന്ന ചർച്ചയിൽ അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് യുദ്ധമല്ല സമാധാനമാണെന്ന് ഞാൻ മനസിലാക്കി.' അദ്ദേഹം കൂട്ടിച്ചേർത്തു. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെ ഖാൻ കുറ്റപ്പെടുത്തി.
'എന്നാൽ ഇന്ന് അന്തരീക്ഷം മെച്ചപ്പെട്ടിട്ടുണ്ട്. സംഘർഷമല്ല, സമാധാനമാണ് പരിഹാരം. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം.
യുദ്ധം വിദ്വേഷം വർധിപ്പിക്കുകയും എല്ലാവർക്കും ദോഷം വരുത്തുകയും മാത്രമാണ് ചെയ്യുന്നത്. നാമെല്ലാവരും മനുഷ്യരാണ്, വിഭജനം കൂടുതൽ നാശമുണ്ടാക്കുകയേയുള്ളൂ.' അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും മാമ്പഴത്തിന് പേരുകേട്ട ലഖ്‌നോവിലെ മലിഹാബാദ് മേഖലയെക്കുറിച്ച് സംസാരിക്കുമ്പോൾ 1919 ൽ ഈ പ്രദേശത്ത് 1,300 ലധികം മാമ്പഴ ഇനങ്ങൾ ഉണ്ടായിരുന്നെന്ന് ഖാൻ ഓർമിച്ചു. എന്നാൽ കാലക്രമേണ പലതും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. 'അവയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമാണ് ഞാൻ പ്രവർത്തിക്കുന്നത്. ഇന്ന് ഞാൻ 300-ലധികം ഇനങ്ങൾ വികസിപ്പിച്ചു.' അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

