
'വാ... വാ... തൈലവാ'; രജനിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് ആരാധകരുടെ ഒത്തുചേരൽ
text_fieldsചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിനെ തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് ആയിരക്കണക്കിന് ആരാധകർ. വള്ളുവർ കോട്ടത്താണ് സ്ത്രീകളും കുട്ടികളുമടക്കം 3000ത്തോളംപേർ തടിച്ചുകൂടിയത്.
'വാ... വാ... തൈലവാ', 'മാട്രുവോം മാട്രുവോം എലാവട്രയും മാത്തുവോം' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ഒത്തുചേരൽ. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽനിന്ന് ജനങ്ങൾ വള്ളുവർ കോട്ടത്തെത്തി. പൗരാണിക കേന്ദ്രമായ വള്ളുവർ കോട്ടത്തിന്റെ മതിലിന് ചുറ്റും 'എന്റെ വോട്ട് രജനിക്ക്... അല്ലെങ്കിൽ ആർക്കുമില്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ 31ന് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയ പ്രവേശനത്തിൽനിന്ന് രജനി പിൻവാങ്ങുകയായിരുന്നു. ഇതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശനം കാത്തിരുന്ന ആരാധകർ നിരാശരാകുകയായിരുന്നു. രജനിയുടെ വീടിന് മുമ്പിൽ ആരാധകൻ ആത്മഹത്യക്ക് ശ്രമിക്കുകവരെ ചെയ്തിരുന്നു. രജനീകാന്തിന്റെ തീരുമാനം തിരുത്താൻ സംഘ്പരിവാർ അടക്കമുള്ള വിവിധ കേന്ദ്രങ്ങളിൽനിന്ന് ശ്രമം നടക്കുന്നുണ്ട്.
