കോണ്‍ഗ്രസിൽ കൃസ്ത്യന്‍ പ്രാതിനിധ്യം വട്ടപ്പൂജ്യം
text_fieldsന്യൂനപക്ഷ പ്രാതിനിധ്യം വീണ്ടും വെട്ടിക്കുറച്ചതോടെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ കോണ്‍ഗ്രസിലെ ക്രിസ്ത്യന്‍ പ്രാതിനിധ്യം ഇത്തവണ വട്ടപ്പൂജ്യമായി. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇത്തവണ തനിക്ക് സ്വതന്ത്രനായി മത്സര രംഗത്തിറങ്ങേണ്ടി വന്നതെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സര രംഗത്തിറക്കിയ മുന്‍ എം.എല്‍.എ കൂടിയായ ആദിവാസി ക്രിസ്ത്യന്‍ നേതാവ് സേവ്യര്‍ മേഡ ‘മാധ്യമ’ത്തോടു പറഞ്ഞു. കഴിഞ്ഞ തവണ ഝാബുവ നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സേവ്യര്‍ മേഡ.
കഴിഞ്ഞ തവണ അഞ്ച് മുസ്ലിം സ്ഥാനാര്‍ഥികളെ ഇറക്കിയ കോണ്‍ഗ്രസ് ഇത്തവണ അത് മൂന്നാക്കി ചുരുക്കിയപ്പോള്‍ ബി.ജെ.പ ി സീറ്റ് നിഷേധിച്ച സര്‍താജ് സിങ്ങിനെ കോണ്‍ഗ്രസ് ഏറ്റെടുത്ത് ഒരു സിഖുകാരനെ പട്ടികയിലാക്കി. എന്നിട്ടും കഴിഞ്ഞ തവണത്തെ ആറ് ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍ക്കു പകരം കോണ്‍ഗ്രസ് ഇത്തവണ നാലു പേര്‍ക്കേ ടിക്കറ്റ് നല്കിയുള്ളൂ. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് മധ്യപ്രദേശ് നിയമസഭയിലെ ഏക മുസ്ലിം എം.എല്‍.എ ആയി മാറിയ ആരിഫ് അകീല്‍ ഇത്തവണയും ജയമുറപ്പിച്ച് ഭോപാല്‍ നോര്‍ത്തിലുണ്ട്. മധ്യപ്രദേശിലെ ഏക മുസ്ലിം സിറ്റിങ് എം.എല്‍.എയെ തോല്പിക്കാന് പഴയകാല കോണ്‍ഗ്രസ് നേതാവ് റസൂല്‍ അഹ്മദ് സിദ്ദീഖിയുടെ മകള്‍ ഫാത്തിമ സിദ്ദീഖിയെ ആണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. ആ പാർട്ടിയുടെ സംസ്ഥാനത്തെ ഏക മുസ്ലിം സ്ഥാനാര്ഥിയാണവർ. എങ്കിലും ജനകീയനായ ആരിഫിന് ഒരു ഭീഷണിയുമില്ല. ഭോപാല്‍ സെന്‍ട്രലില്‍നിന്ന് മത്സരിക്കുന്ന ആരിഫ് മസൂദും സിറോഞ്ചില്‍ മത്സരിക്കുന്ന മശര്റത്ത് ശാഹിദുമാണ് കോണ്‍ഗ്രസിെൻറ മറ്റു രണ്ടു മുസ്ലിം സ്ഥാനാര്‍ഥികള്‍. അവരാകട്ടെ കടുത്ത മത്സരമാണ് ബി.ജെ.പിയില്‍നിന്ന് നേരിടുന്നത്.
ഝാബുവയിലെ കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ കോണ്‍ഗ്രസ് പ്രസിഡൻറുമായ കാന്തിലാല്‍ ഭുരിയ തെൻറ കുടുംബത്തിനായി സീറ്റ് പിടിച്ചുവാങ്ങുകയായിരുന്നുവെന്ന് സേവ്യര്‍ മേഡ പറഞ്ഞു. ഈ ജില്ലയിലെ നാല് സീറ്റുകളാണ് ഭുരിയ കുടുംബത്തിനായി കാന്തിലാല്‍ പിടിച്ചുവാങ്ങിയത്. സ്വന്തം വീട്ടിലുള്ളവര്‍ക്ക് ടിക്കറ്റ് ലഭിക്കാതിരുന്നാല്‍ അവരെ സ്വതന്ത്രരായി മത്സരിപ്പിക്കുകയാണ് കാന്തിലാല ഭുരിയയുടെ രീതിയെന്ന് സേവ്യര്‍ തുടര്‍ന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച തനിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇറങ്ങിയ കലാവതി ഭുരിയക്ക് ഇത്തവണ ഒരു മണ്ഡലം കൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. ജില്ലയിലെ മറ്റൊരു സീറ്റായ ടണ്ട്ലയിലും സ്വന്തം കുടുംബത്തില്‍ നിന്നുള്ള വീര്‍സിങ് ഭുരിയയെ നിര്‍ത്തി കാന്തിലാല്‍. അതും പോരാഞ്ഞ് സമീപ ജില്ലയാല അലിരാജ്പുരിലെ ജോബട്ടില്‍ തെൻറ അനന്തരവളായ കലാവതി ഭുരിയയെയും കാന്തിലാല്‍ നിർത്തിയെന്ന് മേഡ കൂട്ടിച്ചേര്‍ത്തു.
2014ലെ മോദി തരംഗത്തിനിടയിലും മധ്യപ്രദേശില്‍നിന്ന് കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നീ രണ്ടു കോണ്‍ഗ്രസ് എം.പിമാരായിരുന്നു ലോക്സഭയിലെത്തിയത്. ഒരു വര്‍ഷം കഴിഞ്ഞു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഝാബുവയില്‍ ജയിച്ച് കാന്തിലാല്‍ ഭുരിയ കോണ്‍ഗ്രസിെൻറ മധ്യപ്രദേശിലെ കോണ്‍ഗ്രസിെൻറ മൂന്നാം എം.പിയായി മാറി. ബി.ജെ.പി എം.പി ദിലീപ് സിങ് ഭുരിയയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലെ ഈ ജയം പാര്‍ട്ടിക്കുള്ളില്‍ കാന്തിലാലിെൻറ മേധാവിത്വം ഉറപ്പിച്ചു. മോദിതരംഗത്തിന് മുമ്പ് അടിയന്തരാവസ്ഥക്കാലത്ത് മാത്രമാണ് ഝാബുവ കോണ്‍ഗ്രസിനെ കൈവിട്ടിരുന്നത്. എന്നാല്‍, ഉപതെരഞ്ഞെടുപ്പില്‍ നിന്നും സാഹചര്യങ്ങള്‍ മാറിയതോടെ ഝാബുവ ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ഝാബുവ, അലിരാജ്പുര്‍ ജില്ലകളിലെ അഞ്ച് സീറ്റുകളില്‍ പാര്‍ട്ടിക്കുള്ളില്‍പോലും കാന്തിലാല്‍ ഭുരിയക്കെതിരായ വികാരമാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ രണ്ടു ജില്ലകളിലും കാന്തിലാലിെൻറ കോലം കത്തിച്ചു. മകന് വിക്രാന്ത് ഭുരിയക്കെതിര വിമതനായി സേവ്യര്‍ മേഡ രംഗത്തുവന്നതോടെ പ്രവര്‍ത്തകര്‍ വലിയൊരു പങ്കും അദ്ദേഹത്തിനൊപ്പമായി. മേഖലയിലെ ക്രിസ്ത്യന്‍ ആദിവാസി വോട്ടുകള്‍ സേവ്യറിനും കോണ്‍ഗ്രസിനുമിടയില്‍ വിഭജിക്കപ്പെട്ടു കഴിഞ്ഞു. ശക്തമായ ത്രികോണ മത്സരത്തില്‍ കഴിഞ്ഞ തവണത്തെപോലെ ഇത്തവണയും ബി.ജെ.പി ജയിച്ചാല്‍ അത്ഭുതപ്പെടാനില്ല. സ്വന്തം കുടുംബത്തിലുള്ളവരെ മത്സര രംഗത്തിറക്കി പാര്‍ട്ടിയെ കുടുംബസ്വത്താക്കി മാറ്റിയ കാന്തിലാലിനെതിരായ വികാരം രണ്ടു ജില്ലയിലും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
