രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; മസ്കിനും രാഹുൽ ഗാന്ധിക്കും മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
text_fieldsന്യൂഡൽഹി: സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവർത്തനാനുമതി വൈകുന്നതിൽ വിമർശനം ഉന്നയിച്ച ഇലോൺ മസ്കിനും രാഹുൽ ഗാന്ധിക്കും മറുപടിയുമായി ബിജെപി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എക്സിൽ മസ്കിനുള്ള മറുപടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്റ്റാർലിങ്ക് മികച്ച സാങ്കേതികവിദ്യയാണെന്ന് പറഞ്ഞ അദ്ദേഹം താൻ അത് ഉപയോഗിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയുടെ വലുപ്പം നോക്കിയല്ല, രാജ്യസുരക്ഷക്കാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ അനുമതി ലഭിച്ച ശേഷം മാത്രമേ ഇന്ത്യയിൽ സേവനം തുടങ്ങാനാകൂ. അതുവരെ ക്ഷമിക്കണമെന്നും അദ്ദേഹം മസ്കിനോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ടെക് നയങ്ങൾ മൂന്ന് തത്വങ്ങളിലാണൂന്നിയിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു. എല്ലാവർക്കും തുല്യ അവസരം, സുരക്ഷിതവും വിശ്വസനീയവുമായ നെറ്റ്‌വർക്കുകൾ, നിയമത്തിന് മുന്നിൽ എല്ലാവർക്കും തുല്യ ഉത്തരവാദിത്തം എന്നിവയാണ് അത്. മുൻപ് ടെലികോം മേഖല അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയിരിക്കുകയായിരുന്നുവെന്നും ആ കാലം കഴിഞ്ഞെന്നും അദ്ദേഹം കോൺഗ്രസിനെ വിമർശിച്ചു.
താൻ ഇപ്പോൾ സർക്കാരിന്റെ ഭാഗമല്ലെന്നും സർക്കാരിനുവേണ്ടി സംസാരിക്കുന്നില്ലെന്നും ചന്ദ്രശേഖർ വ്യക്തമാക്കി. എന്നാൽ സ്റ്റാർലിങ്ക് ഉൾപ്പെടെ മൂന്ന് ഉപഗ്രഹ ഇന്റർനെറ്റ് കമ്പനികളും സുരക്ഷാ ക്ലിയറൻസിന്റെ ഒരേ ഘട്ടത്തിലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സ്പെക്ട്രം അനുവദിക്കുന്നതിന് മുൻപ് സുരക്ഷാ പരിശോധന പൂർത്തിയാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 26/11 മുംബൈ ആക്രമണം മുതൽ പഹൽഗാം ഭീകരാക്രമണം വരെ ഭീകരർ ഉപഗ്രഹ ഫോണുകളെ ആശ്രയിച്ചിട്ടുണ്ട്. ഉപഗ്രഹ അധിഷ്ഠിത കോളുകളും എൻക്രിപ്ഷനും വലിയ സുരക്ഷാ വെല്ലുവിളിയാണെന്നും അതിനാൽ കർശന പരിശോധന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുകേഷ് അംബാനി അടക്കമുള്ള വൻകിട ബിസിനസുകാർ തങ്ങളുടെ കുത്തക നിലനിർത്താൻ സ്റ്റാർലിങ്കിനെ തടയുകയാണെന്നായിരുന്നു മസ്കിന്റെ ആരോപണം. മുകേഷ് അംബാനിയാണോ ഇന്ത്യയുടെ യഥാർത്ഥ ബോസ് എന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇതിന് രാഹുൽ ഗാന്ധി 'ഇന്ത്യയിലേക്ക് സ്വാഗതം, ഇലോൺ. മറ്റൊരാളെ കൂടി കണ്ടെത്താൻ ഇരിക്കുന്നതേയുള്ളൂവെന്ന് പരിഹസിച്ച് മറുപടി നൽകിയിരുന്നു. ഗൗതം അദാനിയെ ഉദ്ദേശിച്ചായിരുന്നു പരാമർശമെന്നാണ് സൂചന. എന്നാൽ 'നന്ദി രാഹുൽ. ഇത് ആശങ്കാജനകമാണെന്ന് മസ്ക് തിരിച്ചും പ്രതികരിച്ചു. ഇതിനിടെ വൻകിടക്കാർക്ക് വേണ്ടി വിവേചനം കാണിക്കുന്നുവെന്ന ആരോപണം കേന്ദ്ര സർക്കാർ തള്ളി. സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള അനുമതി നടപടികൾ എല്ലാവർക്കും ഒരുപോലെയാണെന്നും നീതിപൂർവകമാണെന്നുമാണ് സർക്കാർ നിലപാട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

