രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മൂന്നുദിവസത്തോളം കൂട്ടബലാത്സംഗം ചെയ്തതായി പരാതി
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ മൂന്നുദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ബാരനിൽ നിന്നുള്ള പെൺകുട്ടികളെ ജയ്പൂരിലും കോട്ടയിലും എത്തിച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായായിരുന്നു.
13ഉം 15ഉം വയസുള്ള കുട്ടികളെ പ്രതികൾ പ്രലോഭിപ്പിച്ച് സെപ്റ്റംബർ 18ന് ജില്ലയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി. പ്രതികളായ രണ്ടുപേർക്കും പ്രായപൂർത്തിയായിട്ടില്ല. പെൺകുട്ടികളെ ജയ്പൂരിലും കോട്ടയിലും എത്തിച്ചശേഷം പ്രായപൂർത്തിയാകാത്ത രണ്ടു പ്രതികളും മറ്റു മൂന്നുപേരും േചർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സെപ്റ്റംബർ 21ന് കോട്ടയിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തുന്നത്.
പെൺകുട്ടികൾ തങ്ങൾക്ക് നേരെ ആക്രമണം നടന്നതായി ആദ്യം മൊഴി നൽകിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് നൽകിയശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പെൺകുട്ടികൾ പറയുന്ന വിഡിയോ ലഭ്യമായിരുന്നു. പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടികൾ മൊഴി നൽകാൻ വിസമ്മതിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇക്കാര്യം പിതാവ് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തങ്ങളെയും ബന്ധുക്കളെയും കൊല്ലുമെന്ന് പൊലീസുകാർക്ക് മുമ്പിൽവെച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് മൊഴി നൽകാത്തതെന്നും പെൺകുട്ടികൾ പറഞ്ഞതായി കുടുംബം ആരോപിച്ചു.

