ചില പ്രദേശങ്ങളെ ‘അസ്വസ്ഥത’ മേഖലകളായി തിരിച്ച് സ്വത്തുക്കളുടെ കൈമാറ്റം തടയുന്ന നിയമം കൊണ്ടുവരാൻ രാജസ്ഥാൻ
text_fieldsരാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ
ന്യൂഡൽഹി: ഗുജറാത്തിൽ നടപ്പാക്കിയ മാതൃകയിൽ ചില പ്രദേശങ്ങളെ ‘അസ്വസ്ഥത’ മേഖലകളായി തിരിച്ച് സ്ഥാവര സ്വത്തുക്കളുടെ കൈമാറ്റം തടയുന്ന നിയമം കൊണ്ടുവരാൻ രാജസ്ഥാൻ സർക്കാർ. കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും. വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ജനസംഖ്യാ ആനുപാതികമല്ലാത്ത രീതിയിൽ കൂട്ടംകൂടിയുള്ള ജനവാസം, സംഘർഷം എന്നിവ മൂലം അസ്വസ്ഥമാകുന്ന പ്രദേശങ്ങളെ ‘അസ്വസ്ഥ’ബാധിതമായി പ്രഖ്യാപിക്കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം നിയമമന്ത്രി ജോഗാറാം പട്ടേൽ പറഞ്ഞു.
ചില മേഖലകളിൽ പ്രത്യേക സമുദായത്തിൽ ജനസംഖ്യ അതിവേഗം വർധിക്കുന്നത് ജനസംഖ്യാപരമായ അസന്തുലനത്തിനും അത്തരം പ്രദേശങ്ങളിലെ സ്ഥിര താമസക്കാർക്ക് അസ്വസ്ഥതയും ഉണ്ടാക്കും. ഈ ബിൽ മതസൗഹാർദം കാത്തുസൂക്ഷിക്കാൻ അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
അസ്വസ്ഥത മേഖലകളായി തിരിക്കുന്ന പ്രദേശങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ സ്വത്തുവകകൾ കൈമാറ്റം ചെയ്താൽ സാധുതയോ പ്രാബല്യമോ ഉണ്ടാവില്ല. നിയമം ലംഘിച്ചാൽ ജാമ്യമില്ലാത്ത കുറ്റകൃത്യമായി ഇത് മാറും.
സംസ്ഥാനത്തെ വർഗീയ പരീക്ഷണശാലയാക്കി മാറ്റാനാണ് പുതിയ നിയമത്തിലൂടെ ബി.ജെ.പി ശ്രമിക്കുന്നതെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് കുറ്റപ്പെടുത്തി. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പാരമ്പര്യത്തിന് പേരുകേട്ട രാജസ്ഥാനെ പുതിയ നിയമത്തിലൂടെ ‘അസ്വസ്ഥ’മെന്ന് മുദ്രകുത്തുന്നത് സംസ്ഥാന ചരിത്രത്തിലെ അത്യന്തം ലജ്ജാകരമാണ്. നിർദിഷ്ട നിയമം നൂറ്റാണ്ടുകളായി ഒരുമിച്ചു ജീവിക്കുന്ന സമൂഹങ്ങളെ വിഭജിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബി.ജെ.പിയുടെ ഗുണ്ടായിസത്തിന് നിയമസാധുത നൽകാനുള്ള ഈ നീക്കം രാജസ്ഥാൻ പോലെ സമാധാനത്തിൽ പോകുന്ന സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊടാസ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

