എസ്.ഐ.ആർ ജോലി സമ്മർദം, രാജസ്ഥാനിൽ ബി.എൽ.ഒ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
text_fieldsമുകേഷ് ജാൻഗിഡ്
ജയ്പൂർ: രാജസ്ഥാനിലും വോട്ടർ പട്ടിക തീവ്ര പരിഷ്‍കരണ (എസ്.ഐ.ആർ) ചുമതലയുള്ള ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) ജീവനൊടുക്കി. ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ് ജാൻഗിഡാണ് (45) ഞായറാഴ്ച വൈകീട്ട് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കടുത്ത ജോലി സമ്മർദമുണ്ടായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു. ഇദ്ദേഹത്തിന്‍റെ വസ്ത്രത്തിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. എസ്.ഐ.ആർ ജോലികൾ കാരണം താൻ സമ്മർദ്ദത്തിലാണെന്നും സൂപ്പർവൈസർ സമ്മർദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻ ഭീഷണി ഉണ്ടെന്നും കുറിപ്പിൽ പറയുന്നു. കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒയായ അനീഷ് ജോർജ് ആത്‌മഹത്യ ചെയ്‌തതിന് പിന്നാലെയാണ് രാജസ്ഥാനിലും ബി.എൽ.ഒ ജീവനൊടുക്കുന്നത്.
കൽവാഡിലെ ധർമപുര സ്വദേശിയാണ് മുകേഷ്. ഞായറാഴ്ച രാവിലെ പതിവുപോലെ എസ്.ഐ.ആർ ജോലിക്കു പോകുകയാണെന്ന് പറഞ്ഞാണ് മുകേഷ് വീട്ടിൽനിന്ന് ഇറങ്ങിയത്. ബിന്ദായക റെയിൽവേ ക്രോസിനു സമീപം മുകേഷിന്‍റെ ഇരുചക്രവാഹനം നിർത്തിയിട്ട നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മുകേഷ് എസ്.ഐ.ആർ ജോലിയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായും മേലധികാരികളിൽനിന്ന് സസ്‌പെൻഷൻ ഭീഷണി ഉണ്ടായിരുന്നെന്നും സഹോദരൻ ഗജാനന്ദ് വെളിപ്പെടുത്തി.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ രാമന്തളി കുന്നരു എ.യു.പി സ്കൂളിലെ ജീവനക്കാരൻ കാങ്കോൽ ഏറ്റുകുടുക്കയിലെ അനീഷ് ജോര്‍ജ് (45) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷ് ജോർജിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടുകാർ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടത്. രാവിലെ കുടുംബത്തെ പള്ളിയിൽ കൊണ്ടുവിട്ടതിനു ശേഷമായിരുന്നു ജീവനെടുക്കിയതെന്ന് സംശയിക്കുന്നു.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അനീഷ് കഴിഞ്ഞ ദിവസം കടുത്ത ജോലി സമ്മര്‍ദത്തിലായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നുവരെ ജോലി ചെയ്തതായും പറയുന്നു. 15 വർഷമായി കുന്നരു എ.യു.പി സ്കൂളിലെ പ്യൂണാണ് അനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

