ജയ്പൂർ: രാജസ്ഥാനിലെ സ്കൂളുകളിൽ പഠനപ്രവർത്തനങ്ങൾക്കൊപ്പം കുട്ടികൾക്കായി ഇനിമുതൽ സന്യാസിമാരുടെ ധർമ്മ പ്രഭാഷണങ്ങളും. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് സ്കൂളുകളിൽ പ്രഭാഷണം സംഘടിപ്പിക്കുക. സെക്കൻഡറി എഡ്യുക്കേഷൻ ഡയറക്ടറുടേതാണ് പുതിയ നിർദ്ദേശം.
മാസത്തിലെ ആദ്യ ശനിയാഴ്ച പ്രശസ്തരായ ആളുകളുടെ ജീവചരിത്രം വായിക്കൽ, രണ്ടാമത്തെ ശനിയാഴ്ച പ്രചോദനവും ധാർമിക മൂല്യവും പകരുന്ന കഥകളുടെ വായന, നാലാമത്തെ ശനിയാഴ്ച ചോദ്യോത്തര പരിപാടി, അഞ്ചാമത്തെ ശനിയാഴ്ച ധാർമിക മൂല്യങ്ങളിലധിഷ്ഠിതമായ കളികൾ എന്നിവ നടക്കും. കൂടാതെ ദേശഭക്തിഗാനാലാപനവും പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവൻ സർക്കാർ, സർക്കാരേതര സ്കൂളുകളിലും സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളുകൾ, റസിഡൻഷ്യൽ സ്കൂളുകൾ, വിദഗ്ധ പരിശീലന ക്യാമ്പുകൾ, അധ്യാപക പരിശീലന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഇൗ പ്രവർത്തനങ്ങൾ നിർബന്ധമായും നടപ്പിലാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.