ആരോഗ്യ ബില്ലിൽ ഡോക്ടർമാരുമായി സമവായത്തിലെത്തി, ആരോഗ്യ അവകാശ നിയമം പാസാക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാനെന്ന് മുഖ്യമന്ത്രി
text_fieldsജയ്പൂർ: രാജസ്ഥാനിലെ ആരോഗ്യ ബില്ലുമായി ബന്ധപ്പെട്ട വിവാദത്തിൽ സമരം ചെയ്യുന്ന ഡോകട്ർമാരുമായി സമവായത്തിലായെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആരോഗ്യ അവകാശ നിയമം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാനെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
‘ആരോഗ്യ അവകാശവുമായി ബന്ധപ്പെട്ട് സർക്കാറും ഡോക്ടർമാരും തമ്മിൽ സമവായത്തിലെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ആരോഗ്യ അവകാശം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാവുകയാണ് രാജസ്ഥാൻ’ -മുഖ്യമന്ത്രി വ്യക്തമാക്കി. ഡോക്ടർ-രോഗി ബന്ധം പഴയതുപോലെ തന്നെ നന്നായി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 28ന് നിയമസഭയിൽ പാസാക്കിയ ആരോഗ്യ അവകാശ ബില്ല് പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ സ്വകാര്യ ഡോക്ടർമാർ സമരം ചെയ്തിരുന്നത്. സംസ്ഥാനത്തെ എല്ലാ താമസക്കാർക്കും ഏതൊരു പൊതു ആരോഗ്യ സ്ഥാപനങ്ങളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും നിയുക്ത ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും മുൻ കൂട്ടി ഫീസടക്കാതെ അടിയന്തര ചികിത്സ ലഭിക്കാനുള്ള അവകാശമുണ്ടെന്നാണ് ബില്ലിൽ പറഞ്ഞിരുന്നത്.
ഇത് സ്വകാര്യ ഡോക്ടർമാർ എതിർത്തിരുന്നു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് ഡോക്ടർമാർ സമരം പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

