ന്യൂഡൽഹി: രാജസ്ഥാനിലെ രാജസമന്ദിൽ ബംഗാൾ സ്വദേശി അഫ്റസൂലിനെ കോടാലികൊണ്ട് വെട്ടി കത്തിച്ചുകൊന്ന കേസിൽ പ്രതി ശംഭുലാലിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
മുസ്ലിം വിരുദ്ധ വിഡിയോകൾ നിരന്തരം പ്രതി കാണുമായിരുന്നുവെന്നും മത വിദ്വേഷത്തിെൻറ പേരിലാണ് അഫ്റസൂലിനെ കൊന്നതെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
ഡിസംബർ ആറിനാണ് അഫ്റസൂലിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം പെട്രോളൊഴിച്ച് കത്തിച്ചുകൊന്നത്.
ഇതിെൻറ ദൃശ്യങ്ങൾ 14കാരനായ അനന്തരവനെക്കൊണ്ട് മൊബൈലിൽ പകർത്തുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ലവ് ജിഹാദ് ആരോപിച്ചാണ് അഫ്റസൂലിനെ കൊന്നതെന്നായിരുന്നു ആദ്യം വാർത്തകൾ പുറത്തുവന്നത്. ശംഭുലാലിനെ പിന്തുണച്ച് നിരവധി ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നിരുന്നു. കേസ് നടത്തിപ്പിനായി സമൂഹമാധ്യമങ്ങൾ വഴി ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണസമാഹരണവും തുടങ്ങിയിരുന്നു.