‘പെരുമഴക്ക് കാരണം മുഖ്യമന്ത്രിയുടെ കൃഷ്ണ പ്രാർഥന; ഇന്ദ്രനോട് പ്രാർഥിച്ച് മഴകുറക്കണം’ -രാജസ്ഥാനിലെ മഴക്കെടുതിക്കിടെ വിചിത്ര വാദവുമായി ബി.ജെ.പി മന്ത്രി
text_fieldsജയ്പൂർ: അതിരൂക്ഷമായ മഴക്കും പിന്നാലെയുള്ള ദുരിതങ്ങൾക്കുമിടയിൽ രാജസ്ഥാനിലെ ജനജീവിതം ദുസ്സഹമാവുന്നതിനിടെ വിചിത്ര വാദവുമായി ബി.ജെ.പി മന്ത്രി. കനത്ത മഴയെ തുടർന്ന് നദികളിൽ വെള്ളമുയരുകയും, വീടുകളും ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിൽ മുങ്ങുകയും ചെയ്തപ്പോഴാണ് പെരുമഴക്ക് ‘കാരണം’ കണ്ടെത്തികൊണ്ടുള്ള സംസ്ഥാന മന്ത്രിയുടെ പരാമർശങ്ങൾ. സംസ്ഥാന മുഖ്യമന്ത്രി ഭജൻലാൽ ശർമ കൃഷ്ണ ഭഗവാനോട് നടത്തിയ പ്രാർഥനയാണ് മഴക്ക് കാരണമെന്ന് ആക്ഷേപ മുന്നയിച്ചത് മന്ത്രിസഭയിലെ അംഗമായ വ്യവസായ-വാണിജ്യ മന്ത്രി കെ.കെ വിഷ്‍ണോയ് ആണ്.
‘ഭഗവാൻ ഇന്ദ്രൻ ഏറെ ഉദാരമതിയാണ്. സർക്കാർ രൂപീകരിക്കുമ്പോൾ ഭരത്പൂരിൽ നമ്മുടെ മുഖ്യമന്ത്രി കൃഷ്ണനോടാണ് പ്രാർഥിച്ചത്. ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി ഇനി ഇന്ദ്രനോട് പ്രാർഥിക്കണം’ -സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കു പിന്നാലെ വെള്ളക്കെട്ടുകൾ ഉയർന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിയുടെ പരാമർശത്തിൽ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. സർക്കാറിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ ദൈവത്തെ പഴിചാരുന്നതാണ് മന്ത്രിയുടെ വാക്കുകളെന്ന് കോൺഗ്രസ് എം.എൽ.എ ഹരിഷ് ചൗധരി പ്രതികരിച്ചു.
കനത്ത മഴയെ തുടർന്ന് ബലോത്ര ജില്ലയിൽ ജൊജരി നദി കരകവിഞ്ഞൊഴുകുകയും ജനവാസ മേഖലകൾ വെള്ളത്തിലാവുകയും ചെയ്തതുൾപ്പെടെ രൂക്ഷമായ മഴക്കെടുതിയാണ് ജനം നേരിടുന്നത്. ജോധ്പൂർ, പാലി തുടങ്ങിയ വ്യവസായ മേഖലകളിലെ ഫാക്ടറികളിൽ നിന്നുള്ള മാലിന്യം അടങ്ങിയ വെള്ളമാണ് ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തുന്നത്. മനുഷ്യ നിർമിതമായ പ്രശ്നങ്ങൾക്ക് ദൈവത്തിന് ഉത്തരവാദിത്തം നൽകി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, പ്രശ്നത്തിന് പരിഹാരം കാണാതെ വിഷയത്തിൽ നിന്നും ശ്രദ്ധ തെറ്റിക്കുകയാണ് മന്ത്രിയെന്നും കോൺഗ്രസ് എം.എൽ.എ ചൂണ്ടികാട്ടി.
ജോജാര നദീ മേഖലകളിൽ വെള്ളമുയർന്ന്, പ്രദേശത്തെ മാലിന്യമടങ്ങിയ ജലം വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും പ്രവേശിച്ചതായും ജനജീവിതം തീർത്തും ദുസ്സഹമായി മാറിയതായും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ നിരുത്തരവാദ പ്രസ്താവനയിൽ പ്രതിഷേധമുയർത്തിയ ജനങ്ങൾ കോൺഗ്രസ് എം.എൽ.എക്ക് പിന്തുണയുമായി രംഗത്തെതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

