ഏക സിവിൽ കോഡിന്റെ വഴിയിൽ രാജസ്ഥാൻ; കരട് തയാറാക്കാൻ സമിതി
text_fieldsന്യൂഡൽഹി: ഏക സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കുന്നതിനുള്ള കരട് നിയമം തയാറാക്കാൻ സമിതിയെ നിയോഗിച്ച് രാജസ്ഥാൻ സർക്കാർ. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ അഞ്ചംഗ സമിതിയാണ് രൂപവത്കരിച്ചത്.
ഏക സിവിൽ കോഡ് പാസാക്കിയ ബി.ജെ.പി സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നിവിടങ്ങളിലും യു.സി.സി നടപടികൾ നടന്നുകൊണ്ടിരിക്കുന്ന മധ്യപ്രദേശിലും കരട് തയാറാക്കിയ സമിതി അധ്യക്ഷയാണ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി.
മതം, ജാതി എന്നിവക്ക് അതീതമായി വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിനിയമങ്ങളിൽ സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും ഒരേ നിയമം ബാധകമാക്കുകയാണ് ലക്ഷ്യമെന്നും എന്നാൽ, ഗോത്രവിഭാഗങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
വിവാഹവും വിവാഹമോചനവും നിർബന്ധമായി രജിസ്റ്റർ ചെയ്യുക, ബഹുഭാര്യത്വം നിരോധിക്കുക, ലിവ്-ഇൻ ബന്ധങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യുക, പാരമ്പര്യ സ്വത്തുക്കളിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കുക എന്നിവയാണ് നിർദിഷ്ട നിയമത്തിലെ പ്രധാന വ്യവസ്ഥകൾ. ഇത് ലിംഗസമത്വം ഉറപ്പാക്കാനും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സഹായിക്കുമെന്ന് മന്ത്രി ജോഗാറാം പട്ടേൽ വ്യക്തമാക്കി.
2024 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡാണ് യു.സി.സി ആദ്യമായി പാസാക്കിയത്. ഗുജറാത്തും അസമും ഈ വർഷം നിയമം നടപ്പിലാക്കി. മധ്യപ്രദേശ് സർക്കാർ രൂപവത്കരിച്ച സമിതിയും കരട് നിയമം തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

