'സി.ജെ.പിയുടേത് അരാജകത്വം, ഇതവർക്കൊരു പാഠമാകണം', ആക്രമണ ആരോപണം തള്ളി ബി.ജെ.പി
text_fieldsജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ സർക്കാർ സ്കൂളിന്റെ ശോചനീയാവസ്ഥ പരിശോധിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകർക്ക് നേരെ ആക്രമണം. ജയ്പുരിലെ ബഗറു നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന രാമപുര കൻവർപുര ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.ജെ.പി നേതാക്കൾ ആരോപിച്ചു. എന്നാൽ ഈ ആരോപണം തള്ളിയ ബി.ജെ.പി നേതൃത്വം, കോൺഗ്രസിന്റെ പിന്തുണയോടെയെത്തിയ അരാജകവാദികളാണ് സി.ജെ.പി പ്രവർത്തകർ എന്ന് തിരിച്ചടിച്ചു.
വർഷങ്ങളായി ഒരു എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി സ്കൂൾ സന്ദർശിക്കാനാണ് സി.ജെ.പി സഹസ്ഥാപകൻ അശുതോഷ് രങ്കയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് തങ്ങൾക്ക് നേരെ ഉണ്ടായതെന്ന് അശുതോഷ് രങ്ക ആരോപിച്ചു.
പുറത്തുനിന്നെത്തിയ ബി.ജെ.പി ഗുണ്ടകൾ വോളണ്ടിയർമാരെ ക്രൂരമായി മർദിച്ചു. ഒരു പ്രവർത്തകന്റെ കൈ ഒടിഞ്ഞു. വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ഈ ആക്രമണം നടന്നത്. ഗ്രാമവാസികളല്ല, മറിച്ച് പുറത്തുനിന്നെത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സ്കൂളിന്റെ അവസ്ഥ പരിശോധിക്കാൻ ഗ്രാമവാസികൾ തന്നെയാണ് തങ്ങളെ ക്ഷണിച്ചതെന്നും അശുതോഷ് വ്യക്തമാക്കി.
സി.ജെ.പിയുടെ ആരോപണങ്ങൾ ബി.ജെ.പി നേതാക്കൾ പൂർണമായും നിഷേധിച്ചു. കോൺഗ്രസ് പ്രവർത്തകർ സി.ജെ.പി എന്ന മുഖംമൂടി അണിഞ്ഞ് ഗ്രാമങ്ങളിലെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് രാജസ്ഥാൻ മന്ത്രി ജവഹർ സിങ് ബേധം പ്രതികരിച്ചു. സി.ജെ.പി അരാജകവാദികളുടെ പാർട്ടിയാണെന്നും സ്കൂൾ നന്നാക്കാനല്ല, കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് അവർ എത്തിയതെന്നും മറ്റൊരു മന്ത്രിയായ അവിനാശ് ഗെലോട്ടും പറഞ്ഞു. "എന്താണ് സി.ജെ.പി? വീടിനുള്ളിൽ പാറ്റയെക്കൊണ്ട് യാതൊരു ഉപയോഗവുമില്ല. കുട്ടികളും യുവാക്കളും വീടിനുള്ളിലാണ് കഴിയേണ്ടത്," എന്നായിരുന്നു ജയ്പുർ ബി.ജെ.പി എം.എൽ.എ ഗോപാൽ ശർമയുടെ പരിഹാസം.
അതേസമയം, സി.ജെ.പി പ്രവർത്തകരെ മർദിച്ചിട്ടില്ലെന്ന് ഗ്രാമവാസിയായ ജുഗൽ കിഷോർ ശർമ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു. രാമപുര കൻവർപുര, ഭട്ടാ വാല എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും നേരിട്ട് വിലയിരുത്താനായിരുന്നു സി.ജെ.പി സംഘത്തിന്റെ പദ്ധതി. സർക്കാർ സ്കൂളുകളിൽ മുൻകൂർ അനുമതിയില്ലാതെ പ്രവേശിക്കുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഈയിടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സി.ജെ.പി പ്രവർത്തകരുടെ സന്ദർശനവും തുടർന്നുണ്ടായ സംഘർഷവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

