ആകെ കിട്ടിയത് ഒരു വോട്ട്; ബിജെപി സ്ഥാനാർഥിക്ക് രാജസ്ഥാനിൽ ദയനീയ പരാജയം
text_fieldsജയ്പൂർ : രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. ദിദ്വാന-കുച്ചാമൻ ജില്ലയിലെ പർബത്സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ ജനവിധി തേടിയ ബി.ജെ.പി സ്ഥാനാർഥി കൈലാഷ് ചന്ദിന്റെ അക്കൗണ്ടിൽ ആകെ വീണത് ഒരൊറ്റ വോട്ട് മാത്രം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കോൺഗ്രസ് സ്ഥാനാർഥി ഹിനാ ഖാനം 376 വോട്ടുകൾ നേടി ഇവിടെ വിജയം ഉറപ്പിച്ചു. സ്വതന്ത്രനായി മത്സരിച്ച റഷീദ് ഖാൻ 195 വോട്ടുകൾ നേടിയപ്പോഴാണ് ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക പ്രതിനിധിക്ക് വെറും ഒരു വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
തനിക്ക് ആ വാർഡിൽ വോട്ടില്ലാത്തതാണ് കനത്ത പരാജയത്തിന് കാരണമെന്ന് കൈലാഷ് ചന്ദ് വിശദീകരിക്കുന്നു. താൻ 12-ാം വാർഡിലെ വോട്ടറാണെന്നും എന്നാൽ പാർട്ടി തന്നെ അയൽ വാർഡായ 13-ൽ മത്സരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു. ''എനിക്ക് ആകെ ഒരു വോട്ടാണ് ലഭിച്ചത്. എന്റെ വോട്ട് പന്ത്രണ്ടാം വാർഡിലാണ്. എന്നെ പാർട്ടി പതിമൂന്നാം വാർഡിലാണ് നിർത്തിയത്. ആ വാർഡിൽ നിന്നുള്ള ആരോ ഒരാളാണ് എനിക്ക് ആ വോട്ട് ചെയ്തത്''- കൈലാഷ് ചന്ദ് വ്യക്തമാക്കി.
ആകെ 25 വാർഡുകളുള്ള പർബത്സർ മുനിസിപ്പാലിറ്റിയിൽ 13 സീറ്റുകൾ നേടി കോൺഗ്രസ് കേവല ഭൂരിപക്ഷം നേടിയപ്പോൾ 12 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. നഗരസഭയിൽ പൊതുവെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബിജെപിക്ക് കഴിഞ്ഞെങ്കിലും, സ്വന്തം സ്ഥാനാർഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ചത് രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. രാജസ്ഥാനിലുടനീളം 309 തദ്ദേശ സ്ഥാപനങ്ങളിലെ പതിനായിരത്തോളം കൗൺസിലർ സീറ്റുകളിലേക്കാണ് നടന്ന തെരഞ്ഞെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

