രാജസ്ഥാനിലെ നഗരസഭ അധ്യക്ഷരുടെ തെരഞ്ഞെടുപ്പ്: ബിജെപിക്ക് മുന്നേറ്റം; പാലിയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി, ബാരനിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി
text_fieldsജയ്പൂർ: രാജസ്ഥാനിലെ നഗരസഭ മേയർ/ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിളക്കമാർന്ന വിജയം. ആകെയുള്ള ഏഴ് പ്രധാന നഗരസഭ കോർപ്പറേഷനുകളിൽ ആറിലും വിജയം പിടിച്ചെടുത്ത് ബി.ജെ.പി മേധാവിത്വം ഉറപ്പിച്ചു. സെപ്റ്റംബർ ഒമ്പത്, 11 തീയതികളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതിന് പിന്നാലെയാണ് നിർണായകമായ മേയർ പദവികളിലേക്കും ബി.ജെ.പി ആധിപത്യം വ്യാപിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കോൺഗ്രസിന് ഏറ്റവും വലിയ പ്രഹരമേറ്റത് പാലി നഗരസഭയിലാണ്. കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായി വിജയിച്ച ഇടത്താണ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഔദ്യോഗിക കോൺഗ്രസ് സ്ഥാനാർഥിക്ക് വെറും മൂന്ന് വോട്ട് മാത്രം ലഭിച്ചപ്പോൾ, പാർട്ടി വിമതയായി മത്സരിച്ച രാജബാല ഹിംഗാദ് 29 വോട്ടുകൾ നേടി രണ്ടാമതെത്തി. ഭൂരിഭാഗം കോൺഗ്രസ് കൗൺസിലർമാരുടെയും പിന്തുണയോടെ ബി.ജെ.പി സ്ഥാനാർഥി നമീത ബുബുപിയ 33 വോട്ടുകൾ നേടി ഇവിടെ വിജയം പിടിച്ചെടുത്തു.
പ്രധാന കോർപ്പറേഷനുകളിലൂടെ...
ഉദയ്പൂർ-ബി.ജെ.പി സ്ഥാനാർഥി പരസ് സിംങ്വഇ 55 വോട്ടുകൾ നേടി കോൺഗ്രസിന്റെ ഡോ. പൂനം കൻവറിനെ (25 വോട്ടുകൾ) പരാജയപ്പെടുത്തി.
അജ്മീർ -ബി.ജെ.പിയുടെ അനാമിക ശർമ്മ 43 വോട്ടുകൾ നേടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രരുടെ പിന്തുണയോടെയാണ് പാർട്ടി ഇവിടെ വിജയം ഉറപ്പിച്ചത്.
ഭരത്പൂർ, ഭിൽവാര: ഇവിടെ ബി.ജെ.പി സ്ഥാനാർഥികൾ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അൽവാർ, ഉദയ്പൂർ, പാലി, അജ്മീർ എന്നിവിടങ്ങളിലും കോൺഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പി മേയർ പദവികൾ നേടി.
രാജസ്ഥാൻ രാഷ്ട്രീയത്തിൽ പുതിയൊരു നാഴികക്കല്ലായി ആം ആദ്മി പാർട്ടി ബാരനിൽ തങ്ങളുടെ ആദ്യത്തെ മുനിസിപ്പൽ കൗൺസിൽ ബോർഡ് പിടിച്ചെടുത്തു. എ.എ.പി സ്ഥാനാർഥി ശീതൾ റാത്തോഡ് ബാരൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ആകെയുള്ള 309 നഗരസഭകളിൽ, 32 എണ്ണത്തിൽ എതിരില്ലാതെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം 273 ഇടങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ജയ്പൂർ, ജോധ്പൂർ, കോട്ട, സുകെത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 25ലേക്ക് മാറ്റിയിട്ടുണ്ട്.
മൊത്തത്തിലുള്ള കണക്കുകളിൽ ആറ് കോർപ്പറേഷനുകൾ ഉൾപ്പെടെ 199 നഗരസഭകളിൽ ബി.ജെ.പി ബോർഡ് പിടിച്ചു. കോൺഗ്രസ് 94 ഇടങ്ങളിലും, മറ്റ് പാർട്ടികളും സ്വതന്ത്രരും ചേർന്ന് എട്ട് ഇടങ്ങളിലും വിജയിച്ചു. അതിനിടെ, കൂറുമാറ്റം ഒഴിവാക്കാനും സ്വതന്ത്രരെ ഒപ്പം കൂട്ടാനുമായി ഇരുപാർട്ടികളും തങ്ങളുടെ കൗൺസിലർമാരെ ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കും മാറ്റിയിരുന്നു. എന്നാൽ കോൺഗ്രസ് കൗൺസിലർമാരെ ഹരിയാനയിൽ തടഞ്ഞുവെച്ചതായും, ബി.ജെ.പി ഭരണകൂടം പൊലീസിനെയും ഭരണസംവിധാനങ്ങളെയും ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതായും പ്രതിപക്ഷ നേതാവ് തിക്കാറാം ജൂല്ലി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

