കർണാടകയിൽ തീരുമാനമായി; ഹൈകമാൻഡിന് ഇനി തീർക്കാനുള്ളത് രാജസ്ഥാനിലെ അടി
text_fieldsന്യൂഡൽഹി: നാലുനാൾ നീണ്ട ചർച്ചകൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രിയെ തീരുമാനിച്ചെങ്കിലും കോൺഗ്രസ് ഹൈകമാൻഡിന് ആശ്വസിക്കാൻ സമയമായില്ല. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ പോർമുഖം തുറന്ന സചിൻ പൈലറ്റിനെ അനുനയിപ്പിക്കുകയെന്ന വലിയ വെല്ലുവിളിയാണ് മല്ലികാർജുൻ ഖാർഗെക്കും ഗാന്ധികുടുംബത്തിനും മുന്നിലുള്ളത്.
ഏറെക്കാലമായി ഇടഞ്ഞുനിൽക്കുന്ന സചിൻ പൈലറ്റിനെ മെരുക്കിയെടുക്കൽ കർണാടകയിലെ പ്രശ്നപരിഹാരത്തേക്കാൾ വലിയ ടാസ്കാവും ഹൈകമാൻഡിനെന്നാണ് വിലയിരുത്തൽ. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് കോൺഗ്രസ് പാർട്ടിക്കും മുഖ്യമന്ത്രിക്കും കനത്ത വെല്ലുവിളിയുയർത്തി സചിൻ പൈലറ്റ് രംഗത്തെത്തിയത്. ഏറ്റവുമൊടുവിലായി, തങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങളിൽ പരിഹാരം കാണാൻ 15 ദിവസത്തെ അന്ത്യശാസനം നൽകിയിരിക്കുകയാണ് പൈലറ്റ്.
സംസ്ഥാന സർക്കാർ അഴിമതിക്കെതിരെ നടപടിയെടുക്കണം എന്ന ആവശ്യവുമായി 'ജൻ സംഘർഷ് യാത്ര' സംഘടിപ്പിച്ച് സചിൻ പൈലറ്റ് നേതൃത്വത്തിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് പൈലറ്റ് ഉന്നയിക്കുന്നത്. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ പിരിച്ചുവിട്ട് മാറ്റങ്ങളോടെ പുനഃസംഘടിപ്പിക്കണമെന്നാണ് ഒന്നാമത്തെ ആവശ്യം. പരീക്ഷ പേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ റദ്ദാക്കിയതിന് യുവാക്കള്‍ക്ക് പ്രതിഫലം നല്‍കണം. അഴിമതി ആരോപണത്തില്‍ മുന്‍ വസുന്ധര രാജെ സര്‍ക്കാരിനെതിരെ അന്വേഷണം പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങളാണ് സച്ചിന്‍ പൈലറ്റ് ഉന്നയിച്ചിരിക്കുന്നത്.
മേയ് 11ന് അജ്മീറില്‍ നിന്നും ആരംഭിച്ച ജന്‍ സംഘര്‍ഷ് പദയാത്ര ഒഴിവാക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സചിൻ പൈലറ്റ് അനുസരിച്ചിരുന്നില്ല. 2018ലെ തെരഞ്ഞെടുപ്പ് വിജയം മുതൽ തുടങ്ങിയതാണ് രാജസ്ഥാൻ കോൺഗ്രസിലെ അസ്വാരസ്യങ്ങൾ. മുഖ്യമന്ത്രി സ്ഥാനം സചിനും ഗെഹ്ലോട്ടിനുമായി വീതിച്ചുനൽകാമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് താനില്ല എന്ന് ഗെഹ്ലോത് പറഞ്ഞതു പോലും സചിൻ പൈലറ്റ് മുഖ്യമന്ത്രിക്കസേരയിലെത്തുന്നത് തടയുന്നതിനായിരുന്നു.
രണ്ടര വർഷം മുമ്പും 18 എം.എൽ.എമാരുമായി സചിൻ കലാപക്കൊടി ഉയർത്തിയിരുന്നു. സചിനെ പിന്തുണക്കുന്ന എം.എൽ.എമാർക്ക് മന്ത്രിസഭയിൽ മതിയായ പ്രാതിനിധ്യം നൽകാമെന്ന ഉറപ്പിലാണ് അന്ന് സചിൻ വെടിനിർത്തലിന് സന്നദ്ധനായത്. ഈ വർഷം ഡിസംബറോടെയാണ് രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. അതുകൊണ്ട് തന്നെ ഇരുപക്ഷത്തെയും അനുനയിപ്പിച്ച് ഒന്നിച്ചുകൊണ്ടുപോവുകയെന്നത് കോൺഗ്രസിന് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

