രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിൽ പാക്കറ്റ് ശീതളപാനീയം കുടിച്ച് ഏഴ് കുട്ടികൾ മരിച്ചു. പ്രാദേശികമായി നിർമിച്ച പാനീയം കുടിച്ചാണ് മരണമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാത്രി ഗ്രാമത്തിലെ കച്ചവടക്കാർ വിറ്റ പാക്കറ്റ് ശീതള പാനീയം കുട്ടികൾ കുടിച്ചിരുന്നുവെന്നും തൊട്ടടുത്ത ദിവസം തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങുകയായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു.
സംഭവത്തെ തുടർന്ന് ഗ്രാമത്തിലെ വിവിധ കച്ചവടക്കാരിൽനിന്ന് മെഡിക്കൽ സംഘം ശീതളപാനീയ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. ഇവയുടെ വിൽപന താത്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കുട്ടികൾ മരണപ്പെട്ടത് ശീതളപാനീയങ്ങൾ കഴിച്ചതുകൊണ്ടല്ലെന്നും മെഡിക്കൽ അന്വേഷണ റിപ്പോർട്ട് പ്രകാരം കുട്ടികൾക്ക് വൈറൽ അണുബാധയുണ്ടായിരുന്നെന്നും രാജസ്ഥാൻ ആരോഗ്യമന്ത്രി പ്രസാദി ലാൽ മീണ പറഞ്ഞു. "ഞാൻ കലക്ടറോട് സംസാരിച്ചിരുന്നു. ഏഴു കുട്ടികളാണ് മരിച്ചത്. വൈറസ് ബാധ മൂലമാണ് ഈ മരണങ്ങൾ സംഭവിച്ചത്. ഗ്രാമത്തിൽ സർവേ നടത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണ്" -അദ്ദേഹം പറഞ്ഞു.
സർവേ നടത്തുന്നതിന് ഗ്രാമത്തിൽ ഒരു സ്ഥിരം ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും ബ്ലോക്ക് മുതൽ സംസ്ഥാനതലം വരെയുള്ള ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം സ്ഥലത്തെത്തി മരണകാരണം കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.