ജയ്പുർ/കൊൽക്കത്ത: രാജസ്ഥാൻ, പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. രാജസ്ഥാനിൽ രണ്ട് ലോക്സഭ സീറ്റും ഒരു നിയമസഭ സീറ്റും വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ബി.ജെ.പിയിൽനിന്ന് പിടിച്ചെടുത്തു. ഇൗ വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ തിളങ്ങുന്ന ജയം കോൺഗ്രസിന് ആവേശമായി. ബി.ജെ.പി സ്ഥാനാർഥികളുടെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. പശ്ചിമബംഗാളിൽ ഒരു ലോക്സഭ സീറ്റും നിയമസഭ സീറ്റും തൃണമൂൽ കോൺഗ്രസ് തൂത്തുവാരി. ഇവിടെ ബി.ജെ.പിക്കും പിറകിലായി സി.പി.എം. കോൺഗ്രസിന് കെട്ടിവെച്ച പണം നഷ്ടമായി.
രാജസ്ഥാനിലെ ആൾവാർ ലോക്സഭ സീറ്റിൽ കോൺഗ്രസിലെ ഡോ. കരൺസിങ് യാദവ് 1.96 ലക്ഷം വോട്ടിനാണ് ബി.ജെ.പിയിലെ ജസ്വന്ത് യാദവിനെ തോൽപിച്ചത്. അജ്മീറിൽ രഘുശർമ 84,414 വോട്ടിന് ബി.ജെ.പിയിലെ രാം സ്വരൂപ് ലാംബയെ പരാജയപ്പെടുത്തി. മണ്ഡൽഗഡ് നിയമസഭ മണ്ഡലത്തിൽ വിവേക് ധാക്കഡ് 12,976 വോട്ടിന് ബി.ജെ.പിയിലെ ശക്തിസിങ് ഹദയെ േതാൽപിച്ചു. കോൺഗ്രസ് വിമതൻ ഗോപാൽ മാൽവിയ 22,310 വോട്ട് നേടി. കോൺഗ്രസിെൻറ പരമ്പരാഗത സീറ്റായ മണ്ഡൽഗഡ് 2013ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. അന്ന് 18,540 വോട്ടിനാണ് വിവേക് തോറ്റത്.
പശ്ചിമബംഗാളിലെ ഉലുബെറിയ ലോക്സഭ മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർഥി സജ്ദ അഹ്മദ് 4.7 ലക്ഷം വോട്ടിന് ബി.ജെ.പിയിലെ അനുപം മാലിക്കിനെ പരാജയപ്പെടുത്തി. കോൺഗ്രസിെൻറ സിറ്റിങ് സീറ്റായിരുന്ന നാവോപര നിയമസഭ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിലെ സുനിൽ സിങ് 63,018 വോട്ടിനാണ് ബി.ജെ.പി സ്ഥാനാർഥിയെ തോൽപിച്ചത്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ബി.ജെ.പി ആകെയുള്ള 25 സീറ്റും പിടിച്ചെടുത്തിരുന്നു. 2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 200 സീറ്റിൽ 161ലും ജയിച്ചാണ് ബി.ജെ.പി കോൺഗ്രസിൽനിന്ന് അധികാരം പിടിച്ചെടുത്തത്. ഇൗ വർഷാവസാനം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 180 സീറ്റ് നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദങ്ങൾക്കിടെയാണ് കോൺഗ്രസ് മുന്നേറ്റം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:15 AM GMT Updated On
date_range 2018-08-02T09:39:59+05:30ഉപതെരഞ്ഞടുപ്പ്: രാജസ്ഥാനിൽ മൂന്ന് സീറ്റിലും കോൺഗ്രസ്; ബംഗാളിൽ തൃണമൂൽ
text_fieldsNext Story