'ഷോ നടത്തിയാൽ മുനവർ ഫാറൂഖിയെ പാഠം പഠിപ്പിക്കും'; ഭീഷണിയുമായി വീണ്ടും ബി.ജെ.പി
text_fieldsഹൈദരാബാദ്: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ഹൈദരാബാദിലെ പരിപാടി നിർത്തിവെക്കണമെന്ന് ബി.ജെ.പിയുടെ ഭീഷണി.
ബി.ജെ.പി എം.എൽ.എ രാജ സിങ്ങാണ് വീണ്ടും ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്. നഗരത്തിൽ ഷോ നടത്തിയാൽ ഹാസ്യനടനെ പാഠം പഠിപ്പിക്കുമെന്നും എം.എൽ.എ വിഡിയോയിൽ പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ ഭീഷണിയെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ നഗരത്തിൽ നടത്താനിരുന്ന പരിപാടി മുനവർ ഫാറൂഖി റദ്ദാക്കിയിരുന്നു.
ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് താരത്തിനെതിരെ ബി.ജെ.പി രംഗത്തുള്ളത്. ബുധനാഴ്ച രാത്രി തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആഗസ്റ്റ് 20ന് ഹൈദരാബാദിൽ നടക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങൾ മുനവർ വെളിപ്പെടുത്തിയിരുന്നു. പോസ്റ്റ് വൈറലായതിനു പിന്നാലെയാണ് ബി.ജെ.പി നേതാക്കളുടെ ഭീഷണി. കഴിഞ്ഞവർഷം മുംബൈയിൽ മുനവർ ഫാറൂഖിയുടെയും കുനാൽ കംറയുടെയും പരിപാടികൾ ഹിന്ദുത്വ വാദികളുടെ ഭീഷണിയെ തുടർന്ന് റദ്ദാക്കിയിരുന്നു.
പിന്നാലെ ഇരുവർക്കും പിന്തുണ അറിയിച്ച് ടി.ആർ.എസ് വർക്കിങ് പ്രസിഡന്റും തെലുങ്കാന മന്ത്രിയുമായ കെ.ടി. രാമറാവു മുന്നോട്ടുവന്നു. ഇരുവരെയും പരിപാടി അവതരിപ്പിക്കാനായി ഹൈദരാബാദിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇരുവരും നഗരത്തിൽ പരിപാടി നിശ്ചയിച്ചെങ്കിലും ഹിന്ദുത്വവാദികളുടെ ഭീഷണിയെ തുടർന്ന് പിന്നീട് റദ്ദാക്കി. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് പരിപാടി റദ്ദാക്കുന്നതെന്നാണ് അന്ന് അധികൃതർ അറിയിച്ചത്.

