ആദ്യ മൂന്നു ശ്രമങ്ങളും ലക്ഷ്യം കണ്ടില്ല; രാജാ രഘുവംശിയെ കൊന്നത് നാലാമത്തെ ശ്രമത്തിൽ
text_fieldsഷില്ലോങ്: മേഘാലയയിലെ ഹണിമൂൺ കൊലപാതത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ രാജാ രഘുവംശിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രഘുവംശിയുടെ ഭാര്യ സോനം, കാമുകൻ രാജാ കുശ്വഹ എന്നിവരടക്കം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
നാലാമത്തെ ശ്രമത്തിലാണ് രഘുവംശി കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ആദ്യ തവണ ഗുവാഹതിയിൽ വെച്ച് രാജായെ കൊല്ലാനായിരുന്നു പ്രതികളുടെ പദ്ധതി. അത് പരാജയപ്പെട്ടു. പിന്നീട് മേഘാലയയിലെ സൊഹ്റയിൽ വെച്ച് നടത്തിയ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു. അപ്പോഴൊക്കെ മൃതദേഹം ഉപേക്ഷിക്കാൻ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ഷില്ലോങ്ങിൽ വെച്ച് കൊലപ്പെടുത്താനുള്ള പദ്ധതി വിജയിക്കുകയായിരുന്നു.
വിവാഹത്തിന് 11 ദിവസം മുമ്പുതന്നെ രാജായെ കൊലപ്പെടുത്തുന്നതിനുള്ള പദ്ധതികൾ രാജ് കുഷ്വാഹക്കൊപ്പം സോനം ആസൂത്രണം ചെയ്തിരുന്നു. പ്രതികൾ പ്രതിഫലമൊന്നും വാങ്ങാതെയാണ് കൊലപാതകം നടത്തിയത്.
മേയ് 11നായിരുന്നു രാജായും സോനവും വിവാഹിതരായത്. മേയ് 20ന് ഇരുവരും ഹണിമൂൺ യാത്രക്ക് പുറപ്പെട്ടു. ഇന്ദോറിൽ നിന്ന് ബംഗളൂരു വഴിയാണ് ഗുവാഹത്തിയിലെത്തിയത്. അവരെത്തുന്നതിനു മുമ്പേ രാജും കൂട്ടരും ഗുവാഹത്തിയിലെത്തിയിരുന്നു.
അവിടെയുള്ള കാമാഖ്യ ക്ഷേത്രമുൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. 21ന് വൈകീട്ട് ആറോടെ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെത്തി. അവിടെയുള്ള ഗസ്റ്റ്ഹൗസിൽ രാത്രി താമസിച്ചു. യാത്രയുടെ വിവരങ്ങളൊക്കെ രാജായുടെ അമ്മയെ വിളിച്ച് സോനം അറിയിക്കുകയും ചെയ്തിരുന്നു.
പിറ്റേന്ന് ഇരുവരും ചിറാപുഞ്ചിയിലേക്ക് പോയി. പ്രാദേശിക ടൂറിസ്റ്റ് ഗൈഡും ഒപ്പമുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ താമസിച്ചിരുന്ന ഹോംസ്റ്റേയിലേക്ക് മടങ്ങിയെത്തി. അതിനു ശേഷമാണ് ഇവരെ കാണാതായതായി വാർത്ത പരന്നത്. രണ്ടുപേരുടെയും ഫോണുകളും ലഭ്യമല്ലാതായി. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഒരുദിവസം കഴിഞ്ഞപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. താക്കോൽ വാഹനത്തിൽ തന്നെയുണ്ടായിരുന്നു. പിന്നാലെ രാജായുടെ മൃതദേഹം വെള്ളച്ചാട്ടത്തിനടിയിലുള്ള മലയിടുക്കിൽ നിന്ന് കണ്ടെടുത്തു.
പിന്നീട് സോനത്തെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. അതിനിടെ സോനത്തിനൊപ്പം മൂന്ന് പുരുഷൻമാരെ കണ്ടെന്ന ടൂറിസ്റ്റ് ഗൈഡിന്റെ മൊഴി വഴിത്തിരിവായി. ഇതോടെ സംഭവം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. അന്വേഷണം മുന്നോട്ട് പോകവെ, യു.പിയിലെ ഗാസിപുരിൽ വെച്ച് സോനം കീഴടങ്ങി. കവർച്ചക്കിടെ തന്നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രാജാ കൊല്ലപ്പെട്ടുവെന്നാണ് സോനം ആദ്യം പറഞ്ഞത്. പൊലീസ് സംഘം തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ സോനം കുറ്റം സമ്മതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

