അമ്മക്കൊപ്പം രാജ് താക്കറെ ‘മാതോശ്രീയിൽ’; കൂടിക്കാഴ്ച രാഷ്ട്രീയ ചർച്ചയായി
text_fieldsഉദ്ദവും രാജ് താക്കറെയും (ഫയൽ)
മുംബൈ: എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയും ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും തമ്മിൽ വീണ്ടും കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ ചർച്ചയായി. ഞായറാഴ്ച ഉച്ചക്കാണ് രാജ്, അമ്മ കുന്ത തായിക്കൊപ്പം താക്കറെയുടെ വീടായ ‘മാതോശ്രീ’യിൽ എത്തിയത്.
ഉദ്ധവിന്റെ അമ്മ മീന തായിയുടെ സഹോദരിയാണ് കുന്ത. കുടുംബ സന്ദർശനമാണെന്നും അമ്മ ഒപ്പമുണ്ടെന്നുമാണ് സന്ദർശനത്തെക്കുറിച്ച് രാജ് പ്രതികരിച്ചത്. നഗരസഭ തെരഞ്ഞെടുപ്പിൽ ഇരുവരും കൈകോർക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇത് ആറാമത്തെ കൂടിക്കാഴ്ചയാണ്. സീറ്റ് വിഭജനമടക്കമുള്ള ചർച്ച അണിയറയിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഹിന്ദി ഭാഷാ പഠനം നിർബന്ധമാക്കുന്നതിനെതിരായ സമരത്തിലാണ് ഇവർ ആദ്യമായി വേദിപങ്കിട്ടത്. രാജ് മാതോശ്രീയിൽ വരുകയും ഉദ്ധവ് രാജിന്റെ വീട്ടിൽ പോവുകയും ചെയ്തിരുന്നു. താണെ നഗരസഭയുടെ ‘ദുർഭരണ’ത്തിന് എതിരെ താണെയിൽ ഇരുപാർട്ടികളും തിങ്കളാഴ്ച വീണ്ടും ഒന്നിക്കുന്നുണ്ട്. 2005 ലാണ് രാജ് താക്കറെ ശിവസേന വിട്ട് എം.എൻ.എസ് രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

